ഇതിഹാസങ്ങള്‍ പന്തുതട്ടിയ അര്‍ജന്റീനയില്‍ ഇങ്ങനെയൊരു നേട്ടം മെസിക്ക് മാത്രം; 36ാം വയസിൽ ചരിത്രനേട്ടം
Football
ഇതിഹാസങ്ങള്‍ പന്തുതട്ടിയ അര്‍ജന്റീനയില്‍ ഇങ്ങനെയൊരു നേട്ടം മെസിക്ക് മാത്രം; 36ാം വയസിൽ ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 12:06 pm

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ അർജന്റീനക്കായി സൂപ്പർ താരം ലയണൽ മെസിയും ലൗട്ടാറോ മാർട്ടിനെസും ഇരട്ടഗോൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ 12, 77 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ നേടിയത്. അർജന്റീനൻ ടീമിനൊപ്പമുള്ള മെസിയുടെ 108ാം ഗോളായിരുന്നു ഇത്. ഈ രണ്ടു ഗോളുകൾക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മെസിയെ തേടിയെത്തിയത്.

അർജന്റീനക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. 36ാം വയസിലാണ് മെസി അർജന്റീനക്കൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യം നടത്തുന്നത്.

അതേസമയം നിലവിൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് മെസി. ഈ സീസണിൽ ഇതിനോടകം തന്നെ 12 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. താരത്തിന്റെ ഈ മിന്നും പ്രകടനം കോപ്പ അമേരിക്കയിലും ആവർത്തിക്കുമെന്നുതന്നെയാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

ജൂൺ 21 മുതൽ ആരംഭിക്കുന്ന ടൂർണമെന്റിനായി തയ്യാറെടുപ്പിലാണ് അർജന്റീനയും മെസിയും. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി നേടിയ കിരീടം നിലനിർത്താനായിരിക്കും അർജന്റീനയും മെസിയും ഈ കോപ്പയിൽ ലക്ഷ്യമിടുക.

ഗ്രൂപ്പ് എയിലാണ് അർജന്റീന കോപ്പ കിരീട പോരിനിറങ്ങുന്നത്. അർജന്റീനക്കൊപ്പം പെറു, ചിലി, കാനഡ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ജൂൺ 21ന് കാനഡയ്‌ക്കെതിരെയാണ് കോപ്പ അമേരിക്കയിലെ അർജന്റീനയുടെ ആദ്യ മത്സരം നടക്കുന്നത്.

 

Content Highlight: Lionel Messi Create a new record in Argentina National Football Team