അമേരിക്കൻ ഫുട്ബോൾ കീഴടക്കാൻ ഇതിഹാസം തിരിച്ചെത്തുന്നു; ഇന്റർ മയാമി ഇനി ഡബിൾ സ്ട്രോങ്ങ്
Football
അമേരിക്കൻ ഫുട്ബോൾ കീഴടക്കാൻ ഇതിഹാസം തിരിച്ചെത്തുന്നു; ഇന്റർ മയാമി ഇനി ഡബിൾ സ്ട്രോങ്ങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 29th August 2024, 11:21 am

പരിക്കേറ്റ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

മെസി ഇന്റര്‍ മയാമി ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്ന ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൂപ്പര്‍താരത്തിന്റെ തിരിച്ചുവരവ് ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ ഇടം നേടാനും മെസിക്ക് സാധിച്ചില്ല.

മെസിയുടെ അഭാവത്തില്‍ ഇന്റര്‍ മയാമി ലീഗ്സ് കപ്പില്‍ നിന്നും പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ലീഗ് കിരീടം നഷ്ടപ്പെടാതിരിക്കാന്‍ മയാമി മികച്ച പ്രകടങ്ങള്‍ നടത്തുമെന്നുറപ്പാണ്.

മേജര്‍ ലീഗിലെ അവസാന മത്സരത്തില്‍ സിന്‍സിനാറ്റിക്കെതിരെ മയാമി 2-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് മയാമി ജയിച്ചുകയറിയത്.

മെസിയുടെ അഭാവത്തില്‍ മയാമിയുടെ മുന്നേറ്റനിരയില്‍ ഗോളടിച്ചു കൂട്ടാനുള്ള ഉത്തരവാദിത്വം സൂപ്പര്‍താരം ലൂയി സുവരാസ് കൃത്യമായി നിര്‍വഹിക്കുകയായിരുന്നു. എം.എല്‍.എസില്‍ ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് സുവാരസ് നേടിയത്. സുവാരസിനൊപ്പം പരിക്ക് മാറിയെത്തുന്ന മെസിയും കൂടിയെത്തുമ്പോള്‍ ഇന്റര്‍ മയാമി കൂടുതല്‍ ശക്തരായി മാറുമെന്നുറപ്പാണ്.

നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 26 മത്സരങ്ങളില്‍ നിന്നും 17 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 56 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മയാമി. സെപ്റ്റംബര്‍ ഒന്നിനാണ് മയാമി തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. സോള്‍ജിയര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചിക്കാഗോയെയാണ് മയാമി നേരിടുക.

 

Content Highlight: Lionel Messi Back to Training in Inter Miami, Video Viral