Entertainment
കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം അത്തരം കഥാപാത്രങ്ങള്‍ വരാറുണ്ട്; പക്ഷെ ഞാന്‍ അതിന് നോ പറയാറാണ്: ലിജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 21, 08:05 am
Friday, 21st June 2024, 1:35 pm

2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച താരമാണ് ലിജോമോള്‍. അതേ വര്‍ഷം തന്നെ വന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും താരം ശ്രദ്ധേയമായിരുന്നു.

ഈ രണ്ട് സിനിമയിലും ഇടുക്കി കേന്ദ്രീകൃതമായ കഥാപാത്രങ്ങളാണെന്നും എന്നാല്‍ അതിലെ കഥാപാത്രങ്ങളും കഥയും വ്യത്യസ്തമാണെന്നും പറയുകയാണ് ലിജോമോള്‍. അങ്ങനെയുള്ള വേഷങ്ങള്‍ ഇനി വന്നാലും ചെയ്യാന്‍ തയ്യാറാണെന്നും താരം പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ നടന്ന സംഭവത്തിന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിജോമോള്‍. ഇടുക്കി കേന്ദ്രീകൃതമായ കഥാപാത്രങ്ങള്‍ ഇപ്പോഴും വരാറുണ്ടെന്നും പ്രത്യേകിച്ച് ഒന്നും തന്നെയില്ലാത്ത കഥാപാത്രങ്ങളാണെങ്കില്‍ താന്‍ അതിന് നോ പറയാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇടുക്കി ബേസ്ഡ് ആയ കഥാപാത്രങ്ങള്‍ ഇപ്പോഴും വരാറുണ്ട്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ വരുന്നില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ പ്രത്യേകിച്ച് ഒന്നും കോണ്‍ട്രിബ്യൂട്ട് ചെയ്യാനില്ലാത്ത ഇടുക്കിയില്‍ നിന്നുള്ള പെണ്‍കുട്ടി ആണെങ്കില്‍ ഞാന്‍ നോ പറയും. അതല്ലാതെ ഇന്‍ട്രസ്റ്റിങ്ങായ ആയ കഥാപാത്രമാണെങ്കില്‍ ഓക്കെയാണ്.

മഹേഷിന്റെ പ്രതികാരവും കട്ടപ്പനയിലെ ഋത്വിക് റോഷനും നോക്കുകയാണെങ്കിലും രണ്ടും ഇടുക്കി ബേസ് ചെയ്ത കഥാപാത്രങ്ങളാണ്. എന്നാല്‍ അത് രണ്ടുതരം കഥാപാത്രമാണ്. അതിന്റെ കഥയും വ്യത്യസ്തമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വന്നാല്‍ തീര്‍ച്ചയായും ചെയ്യും.

അതല്ലാതെ ഇടുക്കിയില്‍ നിന്നുള്ള കഥാപാത്രമായത് കൊണ്ട് മാത്രം എന്നെ ഒരു സിനിമയിലേക്ക് തെരഞ്ഞെടുക്കുകയാണെങ്കില്‍ ഞാന്‍ അതിന് നോ പറയും. കുറേയധികം സിനിമകള്‍ അത്തരത്തില്‍ വന്നിരുന്നു. ഇപ്പോഴും വരുന്നുണ്ട്. കഥയോ കഥാപാത്രമോ എന്തെങ്കിലുമൊന്ന് ഇന്‍ട്രസ്റ്റിങ്ങാണെങ്കില്‍ ചെയ്യാമെന്നതേയുള്ളു,’ ലിജോമോള്‍ പറഞ്ഞു.


Content Highlight: Lijomol Jose Talks About Idukki Based Characters