Cinema Paradiso Club
'ഇന്ത്യയിലെ ഏറ്റവും സത്യസന്ധതയുള്ള അവാര്‍ഡ്'; മികച്ച സംവിധായകനുള്ള സി.പി.സി പുരസ്‌കാരം ഏറ്റുവാങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Feb 18, 01:43 pm
Sunday, 18th February 2018, 7:13 pm

കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം “അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് നേടിയത്.

ഇന്ത്യയിലെ ഏറ്റവും സത്യസന്ധതയുള്ള പുരസ്‌കാരങ്ങളിലൊന്ന് എന്നാണ് പുരസ്‌കാരം സ്വീകരിച്ച ശേഷം ലിജോ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഈ പുരസ്‌കാരത്തിന്റെ വേദി മലയാളത്തിന്റെ മണ്ണിലായതിനാല്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ലിജോ പുരസ്‌കാരം നല്‍കിയ സി.പി.സിയ്ക്ക് നന്ദി പറഞ്ഞു. പുരസ്‌കാരത്തിന്റെ ചിത്രവും ലിജോ തന്റെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രത്തിനുള്ള സി.പി.സി പുരസ്‌കാരം നേടി. ഫഹദ് ഫാസിലാണ് മികച്ച നടന്‍. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിയ്ക്കാണ് മികച്ച നടിയ്ക്കുല്‌ള പുരസ്‌കാരം.

കടുത്ത മത്സരത്തിനൊടുവിലാണ് സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത് അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും), മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കരാം കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) എന്നിവരാണ് നേടിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയിലെ തന്നെ ഏറ്റവും സത്യസന്ധതയുള്ള അവാര്‍ഡ് വേദികളിലൊരെണ്ണം മലയാളത്തിന്റെ മണ്ണില്‍ ആണെന്നതില്‍ അഭിമാനമുണ്ട് .

നന്ദി CPC :)