മരണത്തിലേക്ക് അടുക്കുന്ന കുട്ടികള്‍ക്ക് വേദന കുറയ്ക്കാന്‍ സെഡേഷന്‍ നല്‍കേണ്ടി വരുന്നു, ഗസയില്‍ നടക്കുന്നത് സമാനതയില്ലാത്ത ക്രൂരത: യു.എന്‍
World
മരണത്തിലേക്ക് അടുക്കുന്ന കുട്ടികള്‍ക്ക് വേദന കുറയ്ക്കാന്‍ സെഡേഷന്‍ നല്‍കേണ്ടി വരുന്നു, ഗസയില്‍ നടക്കുന്നത് സമാനതയില്ലാത്ത ക്രൂരത: യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2023, 2:02 pm

ഗസ: ഗസയില്‍ നടക്കുന്നത് സമാനതയില്ലാത്ത ക്രൂരതയും ഭീകരതയുമാണെന്ന് യു.എന്‍. ഫലസ്തീനികള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്തതാണെന്നായിരുന്നു യു.എന്‍ വ്യക്തമാക്കിയത്. ഫലസ്തീനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിലും യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു.

‘ഫലസ്തീനില്‍ കുട്ടികള്‍ മരണത്തിലേക്ക് അടുക്കുമ്പോള്‍ അവരുടെ വേദന കുറയ്ക്കാന്‍ സെഡേഷന്‍ നല്‍കുകയാണ്. അവര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ല,’ ഫലസ്തീന്‍ വിഷയം കൈകാര്യം ചെയ്യുന്ന യു.എന്‍ സെപ്ഷ്യല്‍ റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക ആല്‍ബനീസ് പറഞ്ഞു.

’80 ദിവസത്തിലേറെയായി ഇസ്രഈല്‍ നടത്തുന്ന കനത്ത ബോംബാക്രമണം ഗസയിലെ ആരോഗ്യ സംവിധാനത്തെ പൂര്‍ണമായി തകര്‍ത്തു. ഈ ഭീകരത നമ്മുടെ സമീപകാല ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികള്‍ക്കെതിരായി ഇസ്രഈല്‍ നടത്തുന്ന ഈ കുറ്റകൃത്യങ്ങളില്‍ അന്താരാഷ്ട്ര സമൂഹം മൗനം പാലിച്ചെന്നും ഇത് ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈലിനെ പ്രേരിപ്പിച്ചെന്നും അല്‍ബാനീസ് പറഞ്ഞു. സ്രെബ്രനിക്ക, റുവാണ്ട കൂട്ടക്കൊലകള്‍ക്ക് സമാനമാണ് ഫലസ്തീനില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

നിരപരാധികളായ ഫലസ്തീനികള്‍ക്കെതിരായി ഈസ്രഈല്‍ നടത്തുന്ന കുറ്റകൃത്യങ്ങളെയും ഇസ്രഈലിന്റെ അധിനിവേശത്തേയും നിരന്തരം വിമര്‍ശിക്കുന്ന വ്യക്തിയാണ് അല്‍ബാനിസ് 2022 ഏപ്രിലില്‍ യു.എന്‍ തന്നെ പ്രത്യേക റിപ്പോര്‍ട്ടറായി നിയമിച്ചതു മുതല്‍ താന്‍ ഗസയില്‍ പ്രവേശിക്കുന്നത് ഇസ്രഈല്‍ ഭരണകൂടം തടഞ്ഞെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഗസ മുനമ്പിലെ ഫലസ്തീനികള്‍ക്കെതിരായി ഇസ്രഈല്‍ നടത്തുന്ന ആക്രമണത്തിന് യൂറോപ്യന്‍ യൂണിയന്‍ പിന്തുണ നല്‍കിയെന്നും എന്നാല്‍ ഉക്രൈന്റെ കാര്യത്തില്‍ അവര്‍ ഇരട്ടത്താപ്പ് സ്വീകരിച്ചെന്നും ആല്‍ബനീസ് പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രഈലിനെ പ്രേരിപ്പിച്ചു. ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയേയും ആല്‍ബനിസ് വിമര്‍ശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഫലസ്തീനില്‍ നിന്നും വരുന്നതെന്നും ഇത്തരമൊരു സമീപനം ഭരണകൂടത്തിന്റെ അനിയന്ത്രിതമായ അധിനിവേശത്തിന് കാരണമാകുമെന്നും ആല്‍ബനിസ് പറഞ്ഞു.

അല്‍-അഖ്സ മസ്ജിദില്‍ നിരായുധരായ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രഈല്‍ സൈന്യം അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ ‘സംഘട്ടനം’ എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത ബി.സി.സി ലേഖനത്തെ വിമര്‍ശിച്ചായിരുന്നു അല്‍ബനിസിന്റെ പരാമര്‍ശം.

കര വ്യോമ ആക്രമണത്തിലൂടെ ഗസയിലെ ആരോഗ്യസംവിധാനങ്ങളെ പൂര്‍ണമായി ഇസ്രഈല്‍ നശിപ്പിച്ചിരിക്കുകയാണെന്നും ആല്‍ബാനിസ് പറഞ്ഞു. ഗസയിലെ 36 ആശുപത്രികളില്‍, ഒമ്പതെണ്ണം മാത്രമാണ് ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായത്

ഇസ്രഈല്‍ സൈന്യം തട്ടിക്കൊണ്ടുപോയ 80 ഫലസ്തീനികളുടെ അവയവങ്ങള്‍ സൈന്യം മോഷ്ടിച്ചതായി ഹമാസ് പറഞ്ഞതിന് പിന്നാലെയാണ് ഗസയിലെ ഭീകരതയെ കുറിച്ചുള്ള ആല്‍ബനീസിന്റെ പ്രസ്താവനയും വരുന്നത്.

മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ ഗസയിലേക്ക് ഇസ്രഈല്‍ തിരിച്ചയച്ചെന്നും മരിച്ചവരെ തിരിച്ചറിയാന്‍ പോലും സാധിച്ചില്ലെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഈ ഹീനമായ കുറ്റകൃത്യം ഇസ്രഈലിന്റെ പ്രാകൃത ബോധത്തിന്റേയും ധാര്‍മ്മിക അധഃപതനത്തിന്റേയും തെളിവാണെന്നും ഹമാസ് പറഞ്ഞിരുന്നു.

ഗസയില്‍ എത്തിച്ച മൃതദേഹങ്ങള്‍ വികൃതമാക്കിയതായും അവയവങ്ങള്‍ മോഷ്ടിച്ചതായും ഗസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസും സ്ഥിരീകരിച്ചിരുന്നു.

കൊല്ലപ്പെട്ട ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ സ്വതന്ത്രമായ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈല്‍ നടത്തുന്ന വംശഹത്യയുടെ ഭീകരത വിവരണാതീതമാണെന്നും ഗസ മുനമ്പില്‍ കുടുങ്ങിയ ഫലസ്തീനികളുടെ അവസ്ഥ ദാരുണമാണെന്നും കഴിഞ്ഞ ദിവസം ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) വ്യക്തമാക്കിയിരുന്നു.

ആശുപത്രികളാണ് ഇസ്രഈല്‍ സൈന്യം ലക്ഷ്യം വെക്കുന്നത്. ഗസയില്‍ എന്താണ് സംഭവിക്കുന്നതെന്നതിന്റെ ഭീകരത വിവരിക്കാന്‍ വാക്കുകളില്ല. ഞെട്ടലിലും ഭയത്തിലുമാണ് തങ്ങള്‍ എന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചത്.

വടക്കന്‍ ഗസയിലുണ്ടായ ഏറ്റവും പുതിയ വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ ഇന്നലെ കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറാത്ത്, ബുറൈജ്, മഗാസി എന്നീ അഭയാര്‍ഥി ക്യാമ്പുകളെ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ബോംബാക്രമണം നടത്തുന്നത്. ഖാന്‍ യൂനിസ് നഗരത്തില്‍ ഇന്നലെ മാത്രം നടത്തിയ ബോംബാക്രണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് സൂചന.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നേരത്തെ തന്നെ യു.എന്‍ ഏജന്‍സികളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.

Content Highlight: Level of horror in Gaza is unmatched in our lifetime’: UN