ന്യൂദല്‍ഹി: രാജിവെച്ച 22 വിമത എം.എല്‍.എമാരും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്. പണവും മസില്‍പവറും ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് പറഞ്ഞ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ശിവരാജ് സിങ് ചൗഹാനെ അധികാരത്തിലെത്തിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. അത്ര ധൃതിപിടിച്ച് നടത്തേണ്ട ഒന്നല്ല വിശ്വാസ വോട്ടെടുപ്പ്.
എം.എല്‍.എമാര്‍ ആദ്യം ജനങ്ങളുടെ പിന്തുണ തേടട്ടെ. രാജിവെച്ചവര്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാവണം. നിയസഭാമണ്ഡലങ്ങളില്‍ തങ്ങളുടെ സേവനം തുടര്‍ന്നും ഉണ്ടാകുമെന്നും ഒരു സുപ്രഭാതത്തില്‍ രാജിവെക്കില്ലെന്നുമുള്ള ഉറപ്പ് അവര്‍ക്ക് തന്നെ ഉണ്ടാകണം, ദുഷ്യന്ത് ദവെ പറഞ്ഞു.
ദവെയുടെ അഭിപ്രായത്തോട് യോജിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത, അതാണ് അവര്‍ ചെയ്യുന്നതെന്നും പാര്‍ട്ടി അംഗത്വം വേണ്ടെന്നുവെച്ച അവര്‍ വോട്ടര്‍മാര്‍ക്കിടയിലേക്ക് പോയേക്കാമെന്നും പറഞ്ഞു.
സ്പീക്കറാണ് പരമാവധികാരിയെന്നിരിക്കെ സ്പീക്കറുടെ അവകാശത്തെ മറികടന്ന് മധ്യപ്രദേശില്‍ ഗവര്‍ണര്‍ തീരുമാനം എടുത്തിരിക്കുകയാണെന്നും കോടതിയില്‍ ദുഷ്യന്ത് ദവെ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഇനിയും സമയം അനുവദിക്കേണ്ടതുണ്ടെന്നും എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.