മള്‍ട്ടി സ്റ്റാറുകളെ ഉപയോഗിക്കുന്നതില്‍ ലിയോക്ക് സംഭവിച്ച പിഴവുകള്‍
ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് സംഭവിച്ച പ്രതിഭാസമാണ് മള്‍ട്ടി സ്റ്റാര്‍ മാസ് ചിത്രങ്ങള്‍. ആ ഗണത്തിലേക്ക് ഒടുവില്‍ വന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ. വിജയ്, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം വാസുദേവ് മേനോന്‍, മിസ്‌കിന്‍, അനുരാഗ് കശ്യപ് എന്നിങ്ങനെ സ്റ്റാര്‍ വാല്യൂ നോക്കിയാലും അഭിനയ പ്രാധാന്യം നോക്കിയാലും ഏതൊരു സിനിമാ പ്രേമിയേയും മോഹിപ്പിക്കുന്ന കാസ്റ്റിങ്. ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ ലിയോയ്ക്കായോ?
ലിയോ, ജയിലര്‍, വിക്രം, കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ റിലീസ് ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളാണ് ഇവ. രണ്ടെണ്ണം ലോകേഷ് കനകരാജ് തന്നെ സംവിധാനം ചെയ്തത്. 2022ല്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ തരംഗമുണ്ടാക്കിയ ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍, വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, നരെയ്ന്‍, ചെമ്പന്‍ വിനോദ് എന്നിങ്ങനെ വലിയ താരനിരയാണ് വിക്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ക്യാരക്ടര്‍ ആര്‍ക്കും സ്‌പേസുമുണ്ട്. സൂര്യയുടെ റോളക്‌സ് വെറും പത്ത് മിനിട്ട് മാത്രമാണ് വിക്രത്തില്‍ അഭിനയിച്ചിരിക്കുന്നത്, ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയതും ഈ പത്ത് മിനിട്ട് തന്നെ. കരിയറിന്റെ തുടക്കത്തില്‍ നില്‍ക്കുന്ന കാളിദാസിന്റെ കഥാപാത്രത്തിന് പോലും വ്യക്തമായ സ്‌പേസ് വിക്രം കൊടുക്കുന്നുണ്ട്.
ഇനി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലറിലേക്ക് വന്നാല്‍ രജിനികാന്ത്, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ്, വിനായകന്‍, രമ്യ കൃഷ്ണ, തമന്ന എന്നിങ്ങനെയാണ് താരനിര. രമ്യ കൃഷ്ണയെ പോലെ ഒരു താരത്തെ കിട്ടിയിട്ടും ഉപയോഗിച്ചില്ല എന്ന പരിമിതിയുള്ളപ്പോഴും പുരുഷ താരങ്ങളുടെ സ്റ്റാര്‍ഡം ജയിലര്‍ മാക്‌സിമം ഊറ്റിയെടുത്തിട്ടുണ്ട്.
വര്‍മനെ പോലെ ഒരു വില്ലന്‍ വന്നാല്‍ തന്നെ പടം പകുതി വിജയിച്ചു. മുത്തുവേല്‍ പാണ്ഡ്യനൊപ്പമോ ആ കഥാപാത്രത്തിന് മുകളിലോ നില്‍ക്കുന്ന അഴിഞ്ഞാടലായിരുന്നു വിനായകന്റെ വര്‍മന്‍. ആ പ്രതിസന്ധിയും കോണ്‍ഫ്‌ളിക്റ്റും വരുമ്പോള്‍ തന്നെ പ്രേക്ഷകര്‍ നായകന്റെ സൈഡിലാവും.
സമീപകാലത്ത് സ്വന്തം ഇന്‍ഡസ്ട്രിയായ മലയാള സിനിമ പോലും ഉപയോഗിക്കാത്ത വിധത്തിലാണ് മോഹന്‍ലാലിന്റെ സ്വാഗും മാസും നെല്‍സണ്‍ വിനിയോഗിച്ചത്. അതുപോലെ സാന്‍ഡല്‍വുഡില്‍ നിന്നുമെത്തിയ ശിവ രാജ്കുമാര്‍ തരംഗമായിട്ടുണ്ടെങ്കില്‍ അത് സംവിധായകന്‍ ആ താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് അതുപോലെ ഉപയോഗിച്ചതുകൊണ്ടാണ്.
ലിയോയിലേക്ക് വന്നാല്‍ സഞ്ജയ് ദത്തിനേയും അര്‍ജുന്‍ സര്‍ജയേയും പോലെ അപാര സ്‌ക്രീന്‍ പ്രസന്‍സും സ്റ്റാര്‍ വാല്യുവും ഉള്ള താരങ്ങളാണ് വില്ലന്മാര്‍. എന്നാല്‍ ഒരു തരത്തിലും അവര്‍ നായകന് വെല്ലുവിളിയാവുന്നേയില്ല. വെറുതെ നായകന്റെ കയ്യില്‍ നിന്നും കൊള്ളാന്‍ വരുന്നവരാണ് ലിയോയിലെ വില്ലന്മാര്‍. വില്ലന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണ്ടകള്‍ മുഴുവനും പോയാലും ലിയോയെ ഒതുക്കാന്‍ പറ്റില്ല. ലിയോക്ക് പറ്റിയ ഒറ്റ എതിരാളി പോലും ചിത്രത്തിലില്ല. അങ്ങനെയാണ് എന്ന് കുറച്ചെങ്കിലും തോന്നിച്ചത് സാന്‍ഡി മാസ്റ്ററുടെ സൈക്കോ കൊള്ളക്കാരനാണ്.
ഇനി നിരവധി പേര്‍ക്ക് സംതൃപ്തി തോന്നിയ ഫസ്റ്റ് ഹാഫ് നോക്കാം. പാര്‍ത്ഥിപന്‍ ഒരു സാധാരണക്കാരനാണ്. കുടുംബത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഏകലക്ഷ്യം. ലോകത്തെ ഏത് പ്രേക്ഷകനും കണക്ട് ചെയ്യാന്‍ പറ്റുന്ന ഇമോഷണല്‍ പോയിന്റാണത്. ഒരു അധോലോക ഗ്യാങ് മുഴുവനും നായകനും അവന്റെ പങ്കാളിക്കും സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ക്കും ഭീഷണിയാവുമ്പോള്‍ പ്രേക്ഷകന് അവിടെ വലിയ കണക്ഷന്‍ ഉണ്ടാവുന്നു. ആ ഭീഷണിയില്‍ പാര്‍ത്ഥിപന്‍ ഭയന്നപ്പോഴും കരഞ്ഞപ്പോഴും പ്രേക്ഷകനും ആ നായകനൊപ്പം നിന്നു. സെക്കന്റ് ഹാഫില്‍ അമാനുഷികനായ ലിയോ വന്നതോടെ ആ കണക്ഷന്‍ നഷ്ടമായി.
വെറുതെ വന്ന നിരവധി കഥാപാത്രങ്ങളാണ് ലിയോയിലുള്ളത്. ബാബു ആന്റണി, പ്രിയ ആനന്ദ്, അനുരാഗ് കശ്യപ് എന്നിവര്‍ ഈ ചിത്രത്തില്‍ എന്തിന് വന്നുവെന്ന് പോലും തോന്നി. ഒട്ടും ഉപയോഗിക്കാതെ പോയത് അര്‍ജുന്‍ സര്‍ജയെ ആണ്. ആ കഥാപാത്രം അങ്ങനെ തന്നെ ഒഴിവാക്കിയാലും സിനിമക്ക് ഒന്നും സംഭവിക്കില്ല.
മള്‍ട്ടി സ്റ്റാര്‍ ചിത്രമാണെങ്കില്‍ നടീനടന്മാര്‍ക്ക് ഒന്നുകില്‍ വിക്രത്തിലേതുപോലെ നല്ല ക്യാരക്ടര്‍ ആര്‍ക്ക് ഉണ്ടാവണം, അല്ലെങ്കില്‍ ജയിലറിലേത് പോലെ സ്റ്റാര്‍ മെറ്റീരിയിലിനെ ഉപയോഗിക്കണം. ലിയോയില്‍ പ്രധാന വില്ലന്മാരുടെയും മറ്റ് കഥാപാത്രങ്ങളുടെയും കാര്യത്തില്‍ ഇതൊന്നും സംഭവിച്ചില്ല.
Content Highlight: Leo’s Mistakes in Using Multi-Stars