ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വലിയ പ്രതിക്ഷയില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
സിനിമക്ക് ആദ്യ ദിനം റെക്കോഡ് കളക്ഷന്‍ ലഭിച്ചിരുന്നു. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ ഇതിനോടകം തന്നെ പല സിനിമാ ട്രക്കര്‍മാരും പ്രവചിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ലിയോയുടെ ഫൈനല്‍ കളക്ഷനെക്കുറിച്ച് പറയുകയാണ് സിനിമയുടെ നിര്‍മാതാവ്. സിനിമയുടെ ഫൈനല്‍ കളക്ഷന്‍ പലരും പ്രവചിച്ച പോലെ ആയിരം കോടി ഒന്നും പോകില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്.
അതിന് കാരണമുണ്ടെന്നും നോര്‍ത്ത് ഇന്ത്യ റിലീസില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെന്നും നിര്‍മാതാവ് പറയുന്നു.
‘കൃത്യമായി മികച്ച രീതിയില്‍ സിനിമ റിലീസ് ചെയ്യണം എന്ന് മാത്രമാണ് കരുതിയത്. സിനിമയുടെ കളക്ഷന്‍ ആയിരം കോടി ഒന്നും പോകില്ല. അതിന്റെ കാരണം നോര്‍ത്ത് ഇന്ത്യയില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നില്ല. സിംഗിള്‍ സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്,’ ലളിത് കുമാര്‍ പറയുന്നു.
അതേസമയം സിനിമയുടെ തമിഴ്‌നാട്ടിലെ നാല് മണി ഷോ അനുമതി ലഭിക്കാത്തതില്‍ ബുദ്ധിമുട്ട് ഒന്നും തന്നെയില്ലെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വൂഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ലളിത് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പടെ നേടി സിനിമ പ്രദര്‍ശനം തുടരുകയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.