Film News
ലിയോ ഫസ്റ്റ് ലുക്ക് ഗെയിം ഓഫ് ത്രോണ്‍സിന്റെ കോപ്പിയോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 24, 11:15 am
Saturday, 24th June 2023, 4:45 pm

കഴിഞ്ഞ ദിവസമാണ് വിജയ് നായകനാവുന്ന ലിയോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. വയലന്റായി വിജയ്‌യെ കാണിച്ചിരിക്കുന്ന പോസ്റ്റര്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു.

രക്തം തെറിപ്പിച്ച് വീശുന്ന ചുറ്റിക കയ്യില്‍ പിടിച്ചിരിക്കുന്ന വിജയ്‌യെയാണ് ഫസ്റ്റ് ലുക്കില്‍ കാണുന്നത്. രണ്ട് പല്ല് തെറിക്കുന്നതും ഇതിനൊപ്പം കാണാം. കാടിന്റെയും മഞ്ഞുവീണ മലനിരകളുടേയും പശ്ചാത്തലത്തില്‍ കഴുതപ്പുലിയേയും പോസ്റ്ററില്‍ കാണുന്നുണ്ട്.

ഈ പോസ്റ്ററിന്റെ ചുവട് പിടിച്ച് പുതിയ ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്. ലോക പ്രശ്‌സ്ത വെബ്ബ് സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ പോസ്റ്ററിനോട് ലിയോയുടെ പോസ്റ്ററിനുള്ള സാമ്യമാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സീരീസിലെ കഥാപാത്രമായ ജോണ്‍ സ്‌നോ തന്റെ ചെന്നായ്‌ക്കൊപ്പമുള്ള പോസ്റ്ററാണ് ചര്‍ച്ചയില്‍ ഉയരുന്നത്. രണ്ട് പോസ്റ്ററുകളും പങ്കുവെച്ച് ജോണ്‍ സ്‌നോ അല്ല ‘ജോണ്‍ വിജയ്’ ആണ് എന്നും ചിലര്‍ പരിഹസിച്ചു.

എന്നാല്‍ ഇതിനെതിരെ വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ലോകേഷ് കനകരാജിന് പല സ്രോതസുകളില്‍ നിന്നും ഇന്‍സ്പിരേഷന്‍ ഉണ്ടായിട്ടുണ്ടാവാമെന്നും ഗെയിം ഓഫ് ത്രോണ്‍സ് പോസ്റ്ററിന്റെ തനി പകര്‍പ്പല്ല ലിയോയിലേതെന്നും അവര്‍ വാദിക്കുന്നു.

എന്തായാലും ലിയോയുടെ പോസ്റ്റര്‍ വിജയ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ലോകേഷ് കനകരാജാണ് ഒരുക്കുന്നത്.

വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.

Content Highlight: Leo first look poster a copy of Game of Thrones? Discussion on social media