ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹി ദുരന്തത്തില്‍ നിന്ന് മുക്തമായെന്നും ഇനിമുതല്‍ ദല്‍ഹി മിനി ഹിന്ദുസ്ഥാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മോദിയുടെ ഗ്യാരണ്ടിയില്‍ വിശ്വസിച്ചവര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ഉറപ്പ് എന്‍.ഡി.എ’, നരേന്ദ്ര മോദി
ആഡംബരം. അഹങ്കാരം, അരാജകത്വം എന്നിവ ദല്‍ഹിയില്‍ പരാജയപ്പെട്ടുവെന്നും ഷോട്ട് കട്ട് നോക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ജനങ്ങള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയയത്തില്‍ കള്ളം പറയുന്നവര്‍ക്ക് സ്ഥാനമില്ല. ദല്‍ഹിയില്‍ ഉണ്ടായത് ഐതിഹാസികമായ വിജയമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
ദല്‍ഹിയുടെ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. രാജ്യത്ത് ബി.ജെ.പിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചുവോ അവിടെയെല്ലാം ബി.ജെ.പി വികസനം സാധ്യമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സബിള്‍ എഞ്ചിന്‍ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ദല്‍ഹിയുടെ വികസനം മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ഉറപ്പ് എന്നത് എന്‍.ഡി.എയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ ക്രമസമാധാനപാലനം ഒരു വെല്ലുവിളിയായിരുന്നു. അത് സംസ്ഥാനത്തെ സ്ത്രീകള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍ തങ്ങള്‍ അത് മാറ്റിയെന്നും മോദി അവകാശപ്പെട്ടു.
മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ ജലപ്രതിസന്ധി നേരിട്ടിരുന്നു. തങ്ങള്‍ അവര്‍ക്ക് വെള്ളം നല്‍കിയെന്നും മോദി പറഞ്ഞു. നിതീഷ് കുമാറിന് മുമ്പ് ബീഹാറിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കണമെന്നും എന്‍.ഡി.എ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് വികസനമുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദൽഹിയിലെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസമില്ല. സഖ്യകക്ഷികളെ കൂടെ നശിപ്പിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദല്‍ഹിയില്‍ രണ്ട് തവണ കോണ്‍ഗ്രസ് മുട്ടയിട്ടുവെന്നും കോൺഗ്രസ് പരാജയത്തിന്റെ ഗോൾഡ് മെഡൽ നേടിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. അണ്ണാ ഹസാരെ എ.എ.പിയുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്നും മോദി പറഞ്ഞു.
ദല്‍ഹിക്ക് പുറമെ യു.പിയിലെ മില്‍ക്കിപൂരിലും ബി.ജെ.പി വിജയിച്ചുവെന്നും അതില്‍ വലിയ സംതൃപ്തിയുണ്ടെന്നും മോദി പറഞ്ഞു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദല്‍ഹിയിലും ബി.ജെ.പി പുതുചരിത്രം കുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ദല്‍ഹിയിലെ ആകെയുള്ള 70 സീറ്റില്‍ 48 സീറ്റിൽ ബി.ജെ.പിയും ആം ആദ്മി പാർട്ടി 22 സീറ്റിലും ലീഡ് ചെയ്യുകയാണ്. 2020ല്‍ 62 സീറ്റുമായാണ് എ.എ.പി അധികാരത്തിലേറിയത്. നിലവില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി ദല്‍ഹിയില്‍ അധികാരം പിടിക്കുന്നത്.
Content Highlight: legendary victory; Delhi henceforth ‘Mini Hindustan’: PM Modi