Economic Crisis
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാര്‍ഗനിര്‍ദേശവുമായി സീതാറാം യെച്ചൂരി; കര്‍ഷക-തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുമെന്നും ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 10, 03:49 am
Thursday, 10th October 2019, 9:19 am

ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക- തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുമെന്ന ആഹ്വാനവുമായി സി.പി.ഐ.എം. കോര്‍പ്പറേറ്റ് മേഖലക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത പോളിസികള്‍ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഏകമാര്‍ഗം ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുകയാണെന്നും യെച്ചൂരി ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് പകരം കേന്ദ്രം രാജ്യത്ത് വലിയ പദ്ധതികള്‍ തുടങ്ങിയാല്‍ മാത്രമെ ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

400 കോടി രൂപയ്ക്ക് മുകളിലുള്ള വാര്‍ഷിക വിറ്റുവരവ് ഉള്‍പ്പെടെ എല്ലാ ബിസിനസ് സ്ഥാപനങ്ങളുടേയും കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചുകൊണ്ട് കേന്ദ്രം വഹിക്കുന്ന ചെലവ് 1.45 ലക്ഷം കോടി രൂപയാണെന്നും യെച്ചൂരി പറഞ്ഞു.

‘ഇതിനകം സമ്പന്നരായവരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനു പകരം, സാധാരണ ജനങ്ങളുടെ കൈകളില്‍ പണം എത്തിക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്നും വാങ്ങല്‍ ശേഷി ഉയരുമ്പോള്‍ മാത്രമേ സാമ്പത്തിക മാന്ദ്യം അവസാനിക്കൂവെന്നും’ യെച്ചൂരി പറഞ്ഞു.

ആദ്യമായി രാജ്യത്ത് 5 രൂപയുടെ ബിസ്‌കറ്റ് വില്‍പന കുറഞ്ഞെന്നും ഇത് സൂചിപ്പിക്കുന്നത് ആളുകളുടെ കയ്യില്‍ പണമില്ല എന്നുള്ളതാണെന്നും ഇതിന് പരിഹാരം പൊതുനിക്ഷേപമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനായി നിക്ഷേപം നടത്തിയാല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അവര്‍ക്ക് വേതനം ലഭിക്കുമ്പോള്‍, അവരുടെ വാങ്ങല്‍ ശേഷി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.