സഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍; മന്ത്രി രാജി വെച്ചു; സര്‍ക്കാരിനെതിരെ തിരിഞ്ഞ് ക്രിസ്ത്യന്‍ വിഭാഗം
LEBANON
സഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍; മന്ത്രി രാജി വെച്ചു; സര്‍ക്കാരിനെതിരെ തിരിഞ്ഞ് ക്രിസ്ത്യന്‍ വിഭാഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th August 2020, 6:36 pm

ലെബനന്‍ തലസ്ഥാനമായ  ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാരില്‍ പൊട്ടിത്തെറികള്‍. സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നതിനിടെ രാജ്യത്തെ വാര്‍ത്താ വിനിമയ മന്ത്രി മെനല്‍ അബ്ദെല്‍ സമദ് രാജി വെച്ചു. സ്‌ഫോടനത്തിനു ശേഷം മന്ത്രിസഭയിലെ ആദ്യ രാജിയാണിത്. സര്‍ക്കാരിന് പറ്റിയ വീഴ്ചയില്‍ ക്ഷമ ചോദിച്ചു കൊണ്ടാണ് മന്ത്രിയുടെ രാജി.

സ്‌ഫോടനത്തിനു ശേഷം നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ലെബനനിലെ ആറ് ലോ മേക്കേര്‍സ് ഇതിനകം രാജിവെച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന മത വിഭാഗമായ മാരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗം തലവന്‍ ബെചര ബൂട്രോസ് സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഹസ്സന്‍ ദയിബിന്റെ സര്‍ക്കാര്‍ മുഴുവനായും രാജി വെക്കണമെന്നാണ് ഇവരുടെ ആവശ്യം.

‘ ഇവിടെ ഒരു നിയമ നിര്‍മാതാവോ അല്ലെങ്കില്‍ ഒരു മന്ത്രിയോ രാജി വെച്ചാല്‍ മതിയാവില്ല. ലെബനന്‍ ജനതയുടെ വികാരങ്ങള്‍ പരിഗണിച്ചും ഉത്തരവാദിത്തത്തിന്റെയും പുറത്ത് സര്‍ക്കാര്‍ മുഴുവനായും രാജി വെക്കണം. കാരണം രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ഇവര്‍ക്ക് കഴിവില്ല,’ മാരൊനൈറ്റ് ക്രിസ്ത്യന്‍ വിഭാഗം തലവന്‍ ബെചര ബൂട്രോസ് പറഞ്ഞു.

ലെബനനില്‍ സര്‍ക്കാര്‍ രാജി വെക്കണെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര അന്വേഷണം വേണ്ടെന്നാണ് ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ പറയുന്നത്.

ലെബനനിലെ മുന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാരിനെതിരെ 2019 ല്‍ നടന്ന വ്യാപക പ്രതിഷേധത്തിനു പിന്നാലെയാണ് 2020 ജനുവരിയില്‍ ഹസ്സന്‍ ദയിബിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രക്ഷോഭകര്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥ കേന്ദ്രീകൃത സര്‍ക്കാരാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് മുന്‍ സര്‍ക്കാരിന്റെ ഡമ്മികളാണെന്ന് ചൂണ്ടിരക്കാട്ടിയും ലെബനന്‍ പ്രതിസന്ധിക്ക് പരിഹാര മാവാകത്ത സാഹചര്യത്തിലും ഈ സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചൊവാഴ്ചയാണ് ബെയ്‌റൂട്ട് തുറമുഖ നഗരത്തില്‍ വമ്പന്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെടുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെയ്റൂട്ട് തുറമുഖ നഗരത്തിലെ ബെയ്റൂട്ട് തുറമുഖത്തെ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ