കൊല്ലം: കൊല്ലം മഞ്ഞിപ്പുഴ കോട്ടുക്കല്‍ ദേവീ ക്ഷേത്രത്തിലെ ഗാനമേളക്കിടെ ആര്‍.എസ്.എസ് ഗണഗീതം പാടിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കോട്ടുക്കല്‍ സ്വദേശിയുടെ പരാതിയില്‍ കടയ്ക്കല്‍ പൊലീസാണ് കേസെടുത്തത്. നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരേയും ഉത്സവ കമ്മിറ്റിക്കെതിരേയും കേസുണ്ട്.
ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഗണഗീതം പാടിയ സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച്ച പറ്റിയെന്ന് കൊട്ടാരക്കര അസി.കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി ആര്‍.എസ്.എസിന്റെ കൊടി തോരണം കെട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നാളെ ബോര്‍ഡ് യോഗം പരിഗണിക്കും.
തിരുവിതാകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റിക്ക് വീഴ്ച്ച പറ്റിയെന്നും കര്‍ശന നടപടിയുണ്ടാവുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റായ അഖില്‍ ശശി പൊലീസിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലും പരാതി നല്‍കിയിയുരുന്നു. എന്നാല്‍ ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റിയുടെ വിശദീകരണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉപദേശക സമിതി പ്രസിഡന്റ് പറഞ്ഞു.
കോട്ടയം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ ഗായകന്‍ അലോഷി വിപ്ലവഗാനം പാടിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഉള്‍പ്പെടെ പ്രതികരിക്കുകയും ഗായകനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു.
Content Highlight: Police register case over RSS chanting at temple festival