ഐ.പി.എല്‍ 2025ലെ 20ാം മത്സരത്തില്‍ കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുകയാണ്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി.
വിജയം മാത്രം ലക്ഷ്യമിട്ടാണ് റോയല്‍ ചലഞ്ചേഴ്‌സ് മുംബൈയുടെ തട്ടകത്തിലെത്തുന്നത്. ഒപ്പം ഈ വിജയത്തിന് പിന്നാലെ തങ്ങളെ പിടികൂടി വാംഖഡെ ശാപം അവസാനിപ്പിക്കാനുമാകും ആര്‍.സി.ബിയുടെ ശ്രമം.
2015ന് ശേഷം ഒരിക്കല്‍പ്പോലും പ്ലേ ബോള്‍ഡ് ആര്‍മിക്ക് വാംഖഡെയില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. 2016 മുതല്‍ കളിച്ച ആറ് മത്സരത്തില്‍ ആറിലും വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.
2016ല്‍ ആറ് വിക്കറ്റിനും 2017ല്‍ അഞ്ച് വിക്കറ്റിനും മുംബൈ വിജയിച്ചുകയറി. 2018ല്‍ 41 റണ്‍സിന് വിജയിച്ച മുംബൈ 2019ല്‍ അഞ്ച് വിക്കറ്റിനും റോയല്‍ ചലഞ്ചേഴ്‌സിനെ അഞ്ച് വിക്കറ്റിനും പരാജയപ്പെടുത്തി. 2023ല്‍ ആറ് വിക്കറ്റിനും കഴിഞ്ഞ സീസണില്‍ ഏഴ് വിക്കറ്റിനുമാണ് ബെംഗളൂരു വാംഖഡെയില്‍ പരാജയം രുചിച്ചത്.
ഈ ലൂസിങ് സ്ട്രീക്കിന് അന്ത്യമിടാനാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.
ഈ സീസണില്‍ ഇത്തരത്തില്‍ ഒരു പരാജയഗാഥയ്ക്ക് ആര്‍.സി.ബി അന്ത്യം കുറിച്ചിരുന്നു. ചെന്നൈയ്‌ക്കെതിരെ ചെപ്പോക്കില്‍ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെയാണ് ആര്‍.സി.ബി ആരാധകരെ ഞെട്ടിച്ചത്.
മാര്‍ച്ച് 28ന് നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് ബെംഗളൂരു വിജയിച്ചത്. 17 വര്‍ഷത്തിന് ശേഷമാണ് ബെംഗളൂരു ചെപ്പോക്കില്‍ വിജയിക്കുന്നത്. ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ലാണ് ബെംഗളൂരു എം.എ ചിദംബരം സ്റ്റേഡിയത്തില്‍ വിജയിച്ചത്.
ഐ.പി.എല്‍ 2025ല്‍ മറ്റൊരു ടീമും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കോട്ട തകര്‍ത്തിരുന്നു. 5,468 ദിവസത്തിന് ശേഷം ചെന്നൈയെ ചെന്നൈയിലെത്തി പരാജയപ്പെടുത്തി ദല്‍ഹി ക്യാപ്പിറ്റല്‍സാണ് തങ്ങളുടെ ചരിത്രം തിരുത്തിയെഴുതിയത്.
ഏപ്രില്‍ അഞ്ചിന് നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം. 2010ന് ശേഷം ഇതാദ്യമായാണ് ദല്‍ഹി ഫ്രാഞ്ചൈസി ചെന്നൈയില്‍ വിജയം സ്വന്തമാക്കുന്നത്.
ഇതേ ചരിത്രം വീണ്ടുമാവര്‍ത്തിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് വാംഖഡിയില്‍ വെന്നിക്കൊടി പാറിക്കും.
സീസണില്‍ മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്സ് പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍.സി.ബി. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തി പരാജയപ്പെടുത്തിയ ആര്‍.സി.ബി രണ്ടാം മത്സരത്തില്‍ ചെന്നൈയെ ചെപ്പോക്കിലും പരാജയപ്പെടുത്തി.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ മൂന്നാം മത്സരത്തിനിറങ്ങിയ പാടിദാറിനും സംഘത്തിനും പിഴച്ചു. തങ്ങള്‍ കൈവിട്ട മുഹമ്മദ് സിറാജിന്റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കി. വാംഖഡെയില്‍ മുംബൈയെ പരാജയപ്പെടുത്തി വിജയപാതയിലേക്ക് മടങ്ങിയെത്താനാണ് ബെംഗളൂരു ഒരുങ്ങുന്നത്.
അതേസമയം, നാല് മത്സരത്തില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ആര്‍.സി.ബിക്കെതിരെ സ്വന്തം മണ്ണില്‍ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് മുംബൈയും ഒരുങ്ങുന്നത്.
Content Highlight: IPL 2025: MI vs RCB: Royal Challengers Bengaluru never won against Mumbai Indians in Wankhade Stadium since 2016