ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍. തമിഴ് പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തിലെ പരാമര്‍ശത്തെയാണ് കമല്‍ ഹാസന്‍ പരിഹസിച്ചത്.
തമിഴ് ജനങ്ങള്‍ മൂഢരല്ല. തമിഴിനോട് പെട്ടെന്നുള്ള ഈ സ്‌നേഹത്തിന്റെ കാര്യം ഇതുവരെ മനസിലായിട്ടില്ല. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷമുള്ള സ്‌നേഹത്തെക്കുറിച്ച്,” കമല്‍ ഹാസന്‍ പറഞ്ഞു.
” തമിഴ് വില്‍പ്പനയ്ക്കില്ല. തമിഴ്‌നാട്ടുകാരുടെ വോട്ടും വില്‍പ്പനയ്ക്ക് വെച്ചിട്ടില്ല,” എന്നും മോദിക്ക് മറുപടിയായി കമല്‍ ഹാസന്‍ പറഞ്ഞു. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് അനുകൂലമായി വിധിയെഴുതണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.
മക്കള്‍ നീതി മയ്യം പുതിയ സഖ്യസാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിച്ചു വരികയാണെന്ന് കമല്‍ ഹാസന്‍ അറിയിച്ചു.
മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ ശാസ്ത്രീയ ഉപദേഷ്ടകന്‍ വി.പൊന്‍രാജ് പാര്‍ട്ടിയില്‍ ചേര്‍ന്നതായും കമല്‍ പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലായിരുന്നു പറഞ്ഞത്.
‘ചില സാഹചര്യങ്ങളില്‍ വളരെ ചെറിയ ചോദ്യങ്ങള്‍ നിങ്ങളെ വിഷമത്തിലാക്കും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എന്തെങ്കിലും നേടാന്‍ സാധിക്കാതെ പോയതില്‍ ദുഃഖമുണ്ടോ എന്ന് എന്നോടൊരാള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സ്വയം തോന്നി ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തമിഴ് ഭാഷ പഠിക്കാന്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന്,” എന്നായിരുന്നു മോദി പറഞ്ഞത്.