ജമ്മുകശ്മീരില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത് നിരവധി അഭിഭാഷകര്‍ പ്രതിഷേധിച്ചപ്പോള്‍ ഒരു അഭിഭാഷക പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി കേസ് വാദിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. 38കാരിയായ ദീപിക സിങ് രാജാവത്. 1986ല്‍ കശ്മീരില്‍ നിന്നും ജമ്മുവിലേക്ക് കുടിയേറിയ കശ്മീരി പണ്ഡിറ്റ് കുടുംബത്തിലെ അംഗമാണ് ദീപിക.
ഈ കേസ് ധൈര്യപൂര്‍വ്വം ഏറ്റെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും മറ്റും ഭീഷണികളും പീഡനങ്ങളും നേരിടുകയാണ് ദീപിക. എന്നാല്‍ എന്തുവന്നാലും കേസില്‍ നിന്ന് പിന്മാറില്ലെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. കത്വ സംഭവത്തോടുള്ള ബാര്‍ അസോസിയേഷന്റെയും കേന്ദ്രസര്‍ക്കാറിന്റെയും സമീപനങ്ങളെക്കുറിച്ച് ദ വയറിലെ കബീര്‍ അഗര്‍വാളുമായി ദീപിക സംസാരിക്കുന്നു.
ഉന്നാവോ കത്വ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞിരിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നാണ് മോദി പറഞ്ഞത്. അത് മതിയെന്നു തോന്നുന്നുണ്ടോ?
അദ്ദേഹം സംസാരിച്ചത് നല്ലകാര്യം. പക്ഷേ അദ്ദേഹം കുറേക്കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണം. കത്വയില്‍ പോകുകയും നിയമം ലംഘിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്ത രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ കാര്യത്തില്‍ അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കണം. ഉന്നാവോ കേസിന്റെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കണം. കാരണം അദ്ദേഹമാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. അദ്ദേഹമാണ് ബി.ജെ.പിയുടെ നേതാവ്. പാര്‍ട്ടിക്കാരെ നിലക്കുനിര്‍ത്താന്‍ അദ്ദേഹം അറിഞ്ഞിരിക്കണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ അദ്ദേഹം അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.
കത്വ വിഷയത്തില്‍ മുന്‍കൂട്ടി പദ്ധതിയിട്ടു നടപ്പിലാക്കിയ ബലാത്സംഗവും കൊലപാതകവും അതിനെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളുമെല്ലാം പുറത്തായതോടെ ദേശവ്യാപകമായി രോഷം ഉയരുകയാണ്. കുടുംബത്തിന്റെ നീതിയ്ക്കായി വിവിധ കോണുകളിലുള്ള ജനങ്ങള്‍ മുന്നോട്ടുവരികയാണ്. ഇരയുടെ കുടുംബത്തിന്റെ അഭിഭാഷകയെന്ന നിലയില്‍ ഈ പോരാട്ടത്തിന്റെ മുന്നില്‍ നിങ്ങളാണ്. ഈ സാഹചര്യങ്ങളെ എങ്ങനെയാണ് കാണുന്നത്.?
രാജ്യം മുഴുവന്‍ ഞങ്ങളെ ഇപ്പോള്‍ പിന്തുണയ്ക്കുകയാണ്. എല്ലാവരും ഉണര്‍ന്നിരിക്കുന്നു. കരുത്താര്‍ജ്ജിച്ചതുപോലെ എനിക്കു തോന്നുന്നു. എല്ലാവരും എന്നെ സംരക്ഷിക്കുംപോലെ തോന്നുന്നു. ഇപ്പോള്‍ എന്നെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്കു ധൈര്യമുണ്ടാവില്ല.
ജനുവരിയിലാണ് ഈ സംഭവം നടന്നത്. ഫെബ്രുവരിയില്‍ കുടുംബം എന്നെ സമീപിച്ചതു മുതല്‍ ഈ കേസിനൊപ്പം ഞാനുണ്ട്. ഒരു ആക്ടിവിസ്റ്റെന്ന നിലയില്‍ അവര്‍ക്ക് ശരിയായ നിയമോപദേശം വേണമെന്ന് എനിക്കു തോന്നുന്നു. ആ സമയത്ത് വളരെക്കുറച്ചുപേര്‍ മാത്രമാണ് സഹായത്തിനായി മുന്നോട്ടുവന്നത്. ഈ കേസ് ഞാന്‍ ഏറ്റെടുത്ത അന്നുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെക്കുറിച്ച് ഞാന്‍ പോസ്റ്റു ചെയ്യുന്നുണ്ട്. പക്ഷേ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ഇതിലേക്കു വന്നത് ഇപ്പോള്‍ മാത്രമാണ്. ആ രണ്ടുമാസം ഞങ്ങള്‍ മൂന്നുപേര്‍ മാത്രമാണ് ഈ പോരാട്ടത്തില്‍ സജീവമായുണ്ടായിരുന്നത്.
പക്ഷേ ഞാനാരേയും കുറ്റപ്പെടുത്തുന്നില്ല. ഉണ്ടായിട്ടുള്ള നഷ്ടം കഴിഞ്ഞ മൂന്ന് നാലു ദിവസം കൊണ്ട് നികത്തിയിരിക്കുന്നു. ഇനി നമുക്ക് ഒരുമിച്ച് നിന്ന് മുന്നോട്ടുനീങ്ങാം. ആ കുഞ്ഞിനും അവളുടെ കുടുംബത്തിനും നീതി ലഭിച്ചുവെന്ന് ഉറപ്പാക്കാം.
നിങ്ങള്‍ ഈ കേസ് ഏറ്റെടുക്കുന്നതിനെ ജമ്മു ബാര്‍ അസോസിയേഷന്‍ ഇത്രത്തോളം എതിര്‍ത്തത് എന്തുകൊണ്ടാണ്?
എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒരു അഭിഭാഷകയെന്ന നിലയില്‍ അത് എന്റെ ഉത്തരവാദിത്തമാണ്. പക്ഷേ അതിന്റെ പേരില്‍ ഞാനെന്തോ തെറ്റു ചെയ്തിട്ടെന്നതുപോലെ വേട്ടയാടപ്പെടുകയാണ്.
കോടതിക്ക് പുറത്തും ഉള്ളിലും അഭിഭാഷകര്‍ക്ക് അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. ഈ അഭിഭാഷകര്‍ കോടതി നടപടികള്‍ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് കായികമായി തടയാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ പറഞ്ഞുവരുന്നത്… ശരിക്കും ഞാന്‍ അതിശയിച്ചുപോയി.
കുറ്റവാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് അവര്‍ തടയുമോ? അതാണോ അഭിഭാഷകരുടെ പണി? വളരെ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് ഇതെല്ലാം. ഇതേകൂട്ടത്തില്‍പ്പെടുന്ന ഒരാളെന്ന നിലയില്‍ എന്റെ തല ലജ്ജകൊണ്ട് കുനിഞ്ഞുപോയി.
അവര്‍ എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അഭിഭാഷകര്‍ അവിടിരിക്കുന്നത് ജനങ്ങളെ പേടിപ്പിക്കാനല്ല. എ.കെ 47ഉം കയ്യില്‍ പിടിച്ച് ഭീഷണിപ്പെടുത്താനല്ല അഭിഭാഷകര്‍ അവിടെയിരിക്കുന്നത്. അത് നല്ലതാണെന്ന ധാരണയും അഭിഭാഷകര്‍ക്കുവേണ്ട. യഥാര്‍ത്ഥ വഴിയില്‍ നീതിയ്ക്കുവേണ്ടി പോരാടാനാണ് അഭിഭാഷകര്‍ നോക്കേണ്ടത്.
ഈകേസെടുത്ത് ദിവസങ്ങള്‍ക്കകം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ഈ കേസില്‍ വേണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അത്തരമൊരു ആവശ്യകത തോന്നാന്‍ കാരണം?
അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് എനിക്കു തോന്നി. അത്തരത്തിലായിരുന്നു ബി.ജെ.പിക്കാര്‍ മുന്നോട്ടുവന്നതും മുദ്രാവാക്യങ്ങള്‍ വിളിച്ചതും നിയമം ലംഘിക്കാന്‍ ജനങ്ങളെ പ്രകോപിപ്പിച്ചതും. ഇതെല്ലാം ഹൈക്കോടതി സമീപിക്കേണ്ട ആവശ്യമുണ്ടെന്ന തോന്നല്‍ ഞങ്ങളിലുണ്ടാക്കി.
അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ പണി ചെയ്യില്ല എന്ന തോന്നലുണ്ടായിരുന്നോ?
ഇല്ല. അവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്ന് കരുതിയിരുന്നു. ഞങ്ങള്‍ അവരുടെ കഴിവോ വിശ്വാസ്യതയോ ചോദ്യം ചെയ്യുകയല്ല. അവര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടിവരുമെന്ന് ഞങ്ങള്‍ കരുതി. കാരണം ആ രീതിയിലായിരുന്നു ശക്തരായ മന്ത്രിമാര്‍ കൂടിയായ രണ്ട് ബി.ജെ.പി എം.എല്‍.എമാരുടെ ഇടപെടല്‍. അറസ്റ്റിലായവര്‍ തിരിച്ചുവരുമെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞായിരുന്നു അവരുടെ ഇടപെടല്‍.
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തുഷ്ടയാണോ?
അതെ. ശക്തമായ കുറ്റപത്രമാണത്. പൊലീസ് വൃത്തിയായി അവരുടെ പണി ചെയ്തിട്ടുണ്ട്. നേരത്തെയുണ്ടാക്കിയ കോട്ടം അവര്‍ പരിഹരിച്ചു. അവരുടെ പരിശ്രമത്തെ അഭിനന്ദിക്കേണ്ടതുണ്ട്. ഇനി നമുക്ക് വിചാരണ തുടങ്ങാന്‍ കാത്തിരിക്കാം.
വിചാരണ കത്വയില്‍ നിന്നും മാറ്റാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണത്?
ഒരു അരക്ഷിത ബോധം ഇവിടെയുണ്ട്. ജനങ്ങള്‍ക്ക് ഈ കേസ് ഇവിടെ തകര്‍ക്കാം. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത് അവര്‍ തടഞ്ഞത് എങ്ങനെയാണെന്ന് നിങ്ങള്‍ കണ്ടതല്ലേ? അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ഊഹിക്കാമല്ലോ.
ഇപ്പോള്‍, ദേശീയ മാധ്യമങ്ങള്‍ ഈ കേസിനു പിറകേയുണ്ട്. അത് എത്രകാലമുണ്ടാകും? അതിനുശേഷം എന്താകും?
ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ് സ്ലാത്തിയ നിങ്ങളെ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചത്?
“ഇവിടെ അഴുക്ക് പ്രചരിപ്പിക്കരുത്. നമ്മള്‍ സമരത്തിലാണ് അതുകൊണ്ട് വര്‍ക്കു ചെയ്യരുത്. സമരസമയത്ത് വര്‍ക്കു ചെയ്യാന്‍ ധൈര്യമുണ്ടോ? നിന്നെക്കൊണ്ട് ഇതൊക്കെ അവസാനിപ്പിക്കാന്‍ എനിക്കറിയാം” എന്നൊക്കെ അദ്ദേഹം പറഞ്ഞു. കാന്റീനിലെ ആളുകളോട് വരെ എനിക്ക് ഭക്ഷണം നല്‍കരുതെന്ന് പറഞ്ഞു. ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ പോയപ്പോള്‍ എനിക്ക് ഭക്ഷണം നിഷേധിച്ചു.
ഒരു അഭിഭാഷക ചെയ്യേണ്ടതുപോലെ ഞാന്‍ നിയപരമായി ഇതിനെ നേരിട്ടു. ചീഫ് ജസ്റ്റിസിനും ഹൈക്കോടതിക്കും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി കത്തെഴുതി.
ഈ സങ്കീര്‍ണമായ പോരാട്ടം നടത്തുന്ന സ്ത്രീയെന്ന നിലയില്‍ രണ്ടുമാസക്കാലം നിങ്ങള്‍ ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. ശക്തമായ രാഷ്ട്രീയ പിന്തുണയുള്ള ചിലയാളുകളോട് നിങ്ങള്‍ പോരാടിക്കൊണ്ടിരുന്നത്. ചിലഘട്ടത്തിലെങ്കിലും ഇത് നിങ്ങളെ ക്ഷീണിതയാക്കിയിരുന്നോ?
അതെന്നെ പ്രചോദിപ്പിച്ചിട്ടേയുള്ളൂ. അതെന്നെ ഒരിക്കലും ക്ഷീണിപ്പിച്ചിട്ടില്ല. സഹായിച്ചിട്ടേയുള്ളൂ. എന്റെ ധാര്‍മ്മികതയെ അത് ഉത്തേജിപ്പിച്ചു. അതെ ഞങ്ങള്‍ക്ക് പൊരുതാനുള്ള കഴിവുണ്ട് എന്ന തോന്നല്‍ അത് എന്നില്‍ സൃഷ്ടിച്ചു. എനിക്ക് അത് മുന്നോട്ടുകൊണ്ടുപോകാനും ജയിക്കാനും കഴിയുമെന്നു തന്നെയാണ് കരുതുന്നത്.
തുടക്കം മുതല്‍ തന്നെ നിങ്ങള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നല്ലോ. അവര്‍ ഏതു രീതിയിലാണ് സഹകരിക്കുന്നത്?
അവര്‍ വളരെ പാവപ്പെട്ടവരാണ്. ലോകം ഏതുരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനെക്കുറിച്ചൊന്നും അവര്‍ക്ക് അറിവില്ല. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരാണ് അവര്‍. ബക്കര്‍വാള്‍സ് എല്ലായ്‌പ്പോഴും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറിക്കൊണ്ടിരിക്കും. പൊതുവെ നിസ്സഹായത അനുഭവിക്കുന്നവരാണവര്‍. അവര്‍ ആരാലും അറിയപ്പെടാതെ ജീവിച്ചുമരിക്കുകയാണ്. പക്ഷേ അവര്‍ക്ക് അവരുടെ കുട്ടിക്ക് നീതി ലഭിക്കണം. ഞാനവരെ സമീപിച്ചപ്പോള്‍, അവരുടെ പെണ്‍കുട്ടിയുടെ നീതിയ്ക്കുവേണ്ടി പോരാടാന്‍ തയ്യാറായ ഒരാളെ കണ്ടെത്തിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍.
അവരുമായി സ്ഥിരമായി ബന്ധപ്പെടാറുണ്ട്. രാജ്യം മുഴുവന്‍ ഇപ്പോള്‍ അവരുടെ മകളെക്കുറിച്ചാണ് പറയുന്നതെന്ന് അവര്‍ അറിഞ്ഞു. പക്ഷേ ഞാന്‍ വീണ്ടും പറയുകയാണ്, അവര്‍ക്ക് കോടതിയേയും പൊലീസിനേയും നീതിയേയും പറ്റി അധികമൊന്നും അറിയില്ല.
ഈ കേസിലെ കോടതി ചിലവുകളും നിയമപോരാട്ടത്തിനുള്ള ചിലവുകള്‍ എങ്ങനെയാണ് കണ്ടെത്തുന്നത്?
ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നെടുത്തു നല്‍കുന്നു. ആ കുടുംബത്തില്‍ നിന്നും ഒരു പൈസപോലും ഇതുവരെ ചാര്‍ജായി സ്വീകരിച്ചിട്ടില്ല.
ഈ കേസുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്ന മതധ്രുവീകരണത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആളുകള്‍ ഈ കേസിനെ കാറ്റഗറൈസ് ചെയ്തിട്ടുണ്ട്. അവരിതിനെ വര്‍ഗീയമാക്കി. അവര്‍ പറയുന്നത് ഹിന്ദുക്കളെ ഈ കേസില്‍ പെടുത്തിയതാണെന്നാണ്. പക്ഷേ ആ പറയുന്നതിന് ഒരു ന്യായീകരണമോ തെളിവോ അവര്‍ക്കു നല്‍കാനായിട്ടില്ല. അവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. എന്താണ് സി.ബി.ഐയുടെ ട്രാക്ക് റെക്കോര്‍ഡ്? ആരുഷി കേസ്… തകര്‍ത്തു. 1984ലെ സിക്ക് കലാപം.. അതും തകര്‍ത്തു. അത്തരം കേസുകള്‍ ഒരുപാടുണ്ട്. ബോഫോഴ്‌സും അതില്‍പ്പെടും. മൂന്നുമാസത്തിനുശേഷം ഇപ്പോള്‍ സി.ബി.ഐ എന്തു ചെയ്യാനാണ്?
ചിലര്‍ ചോദിക്കുന്നു, ഉന്നാവോ കേസ് സി.ബി.ഐയ്ക്ക് വിടുകയാണെങ്കില്‍ കത്വ കേസും വിട്ടുകൂടേയെന്ന്.
ഉന്നാവോയില്‍ അന്വേഷണം ആരംഭിച്ചിട്ടുപോലുമില്ല. ഇവിടെ ഒരു കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കുറ്റമറ്റ അന്വേഷണം നടന്നിട്ടുമുണ്ട്. രണ്ടും രണ്ട് വ്യത്യസ്ത കേസുകളാണ്.
പ്രായപൂര്‍ത്തിയാവാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വേണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതിന് പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അതെ, അതെ, അതിന് കുറയ്ക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ അത് എങ്ങനെ ഗുണകരമാകുമെന്ന് എനിക്ക് ഉറപ്പില്ല.
നിര്‍ഭയ കേസിന്റെ സമയത്ത് വളരെയധികം പ്രതിഷേധമുണ്ടായിരുന്നു. നിയമം ശക്തിപ്പെട്ടിരുന്നു. എന്നിട്ടെന്താ, ബലാത്സംഗം അവസാനിച്ചോ? ഇന്ന് കത്വയില്‍ ഒരു ചെറിയ കുട്ടി ഇരയായിരിക്കുന്നു.
കേസ് മുന്നോട്ടുപോകുന്നതിനെ എങ്ങനെയാണ് കാണുന്നത്?
തീര്‍ച്ചയായും അത് വെല്ലുവിളിയായിരിക്കും. ഒരു നീണ്ട പോരാട്ടം. പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ. മാധ്യമശ്രദ്ധ കുറയാന്‍ പോകുകയാണ്. ഇപ്പോള്‍ എനിക്ക് സുരക്ഷിതയായി തോന്നുന്നുണ്ട്. പക്ഷേ കുറച്ചുകഴിയുമ്പോള്‍ അങ്ങനെയുണ്ടാവില്ല. അതുകൊണ്ട് സ്ട്രസ് അവിടെയുണ്ട്. പക്ഷേ ശുഭവാര്‍ത്ത വരുംവരെ അത് മുന്നോട്ടുപോകണം.
എന്ത് ശുഭവാര്‍ത്ത?
പ്രതികള്‍ ശിക്ഷിക്കപ്പെട്ടെന്ന ശുഭവാര്‍ത്ത
Highly thankful to the Honorable
Supreme Court, for agreeing to hear the plea against 7 accused in the gang rape and murder of 8-year-old girl Asifa.
I m not scared of threats, will fight this case and make sure our child gets the Justice. #JusticeforAsifa pic.twitter.com/s1CLZqtERW— Deepika Singh (@DeepikaSRajawat) April 14, 2018