ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കും; മുംബൈയിൽ നിരോധനാജ്ഞ; കൂട്ടം കൂടുന്നതിന് വിലക്ക്
national news
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കും; മുംബൈയിൽ നിരോധനാജ്ഞ; കൂട്ടം കൂടുന്നതിന് വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2022, 5:23 pm

മുംബൈ: മുംബൈയിൽ പതിനഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നവംബർ 1 മുതൽ 15 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രമസമാധാന നില തകർക്കാൻ ശ്രമങ്ങൾ ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതീവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പൊലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ചിലധികം പേർക്ക് കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ജാഥകളും പൊതുയോഗങ്ങളും പാടില്ലെന്നും പൊലീസ് ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. അതേസമയം മരണം വിവാഹം സിനിമ തീയേറ്റർ തുടങ്ങിയവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കർശന പൊലീസ് നിരീക്ഷണം നഗരത്തിലാകെ ഏർപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

ജനങ്ങളുടെ പരിപൂർണ സഹകരണം ഉണ്ടാകണമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലെ മാളുകൾ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതായി വാർത്തകൾ വന്നിരുന്നു. ഇത് വലിയ പരിഭ്രാന്തിക്കും ഇടയാക്കിയിരുന്നു. അജ്ഞാത ഫോൺ ലഭിച്ചതിനെ തുടർന്ന് നഗരത്തിൽ കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അന്ധേരിയിലെ ഇൻഫിനിറ്റി മാൾ, ജുഹുവിലെ പി.വി.ആർ മാൾ, വിമാനത്താവളത്തിലെ സഹാറ ഹോട്ടൽ എന്നിവിടങ്ങളിൽ ബോംബ് വെക്കുമെന്നായിരുന്നു സന്ദേശം. ഭീഷണി സന്ദേശത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Content Highlight: law and order problems; sec 144 imposed in Mumbai; Mass gatherings are prohibited