തിരുവനന്തപുരം: സാമൂഹിക പരിഷ്‌കര്‍ത്താവും മുന്‍ മന്ത്രിയുമായ ആനി മസ്‌ക്രീന്റെ പ്രതിമയില്‍ ശുചീകരണത്തൊഴിലാളികള്‍ ഹാരാര്‍പ്പണം നടത്തിയത് അപമാനമെന്ന് ലത്തീന്‍ കത്തോലിക്കാ സംഘടനകള്‍.
ആനി മസ്‌ക്രീന്റെ ജന്മദിനാചരണത്തോടനുബന്ധിച്ച് വഴുതക്കാടുള്ള ആനി മസ്‌ക്രീന്‍ പ്രതിമയും പരിസരവും ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയത് അവഹേളനമാണന്നാണ് ലത്തീന്‍ കത്തോലിക്കാ സംഘടനകള്‍ പറയുന്നത്.
ശുചീകരണ തൊഴിലാളികളെക്കൊണ്ട് ഹാരാര്‍പ്പണം നടത്തിച്ചു എന്നാരോപിച്ച് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ലത്തീന്‍ കത്തോലിക്കാ സമൂഹം പ്രതിഷേധവുമായും രംഗത്തെത്തിയിട്ടുണ്ട്.
കോര്‍പറേഷന്റെയും മേയറുടെയും ഭാഗത്ത് നിന്നുണ്ടായത് അവഹേളനപരമായ നടപടിയാണെന്ന് കേരള ലത്തീന്‍ കത്തോലിക്ക് അസോസിയേഷനും കേരള ലത്തീന്‍ കത്തോലിക് വിമന്‍സ് അസോസിയേഷനും ആരോപിച്ചു.
ലത്തീന്‍ സമുദായത്തെ അപമാനിച്ചതിന് മേയറും കോര്‍പറേഷനും പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
ആനി മസ്‌ക്രീന്റെ ജന്മദിനം കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേഷന്റെ (കെ.എല്‍.സി.ഡബ്ല്യൂ.എ) സ്ഥാപക ദിനമായാണ് ആചരിച്ചു വരുന്നത്.