വാഷിംഗ്ടണ്‍: എട്ട് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാര്‍ ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ക്യാമറകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെയ്ക്കുന്നതിന് അമേരിക്കന്‍ ഭരണകൂടം താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. ഇത്തരമൊരു വിലക്കിനുള്ള കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.
റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് ഇറക്കിയ പ്രസ്താവനയിലൂടെ ഇന്നലെയാണ് പുതിയ വിലക്ക് സംബന്ധിച്ച വിവരം പുറത്തുവന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Also: ‘ഭരണഘടനയില്‍ ഇന്ത്യ എന്നത് ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണം’; പാര്‍ലമെന്റിലെ യോഗി ആദിത്യനാഥിനെ അറിയാം
10 അന്താരാഷ്ട്ര വിമാനങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങളില്‍ മാത്രമാണ് ഈ വിലക്ക് ഉള്ളതെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, മൊറോക്കോ, ഖത്തര്‍, സൗദി അറേബ്യ (2), തുര്‍ക്കി, യു.എ.ഇ (2) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 10 വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കുള്ളത്.
വിലക്ക് സംബന്ധമായ വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശമുണ്ട്. മെഡിക്കല്‍ ഉപകരണങ്ങളും സെല്‍ഫോണുകളും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ജോര്‍ദാന്‍ എയര്‍ലൈന്‍സ് പറയുന്നത്.