റൊണാൾഡോക്ക് ശേഷം ഇവൻ മാത്രം; 20 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി സ്പാനിഷ് താരം
Football
റൊണാൾഡോക്ക് ശേഷം ഇവൻ മാത്രം; 20 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി സ്പാനിഷ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st July 2024, 8:33 am

2024 യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി സ്‌പെയ്ന്‍. ജോര്‍ജിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് പട അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചു വന്ന ജോര്‍ജിയ സ്പെയ്നിനു മുന്നിൽ തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ ഒരു അസിസ്റ്റ് നേടി തകര്‍പ്പന്‍ പ്രകടനം ആയിരുന്നു സ്‌പെയ്ന്‍ യുവതാരം ലാമിനെ യമാല്‍ നടത്തിയത്. ഈ യൂറോ കപ്പിലെ യമാലിന്റെ രണ്ടാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് എതിരെയുള്ള മത്സരത്തിലും താരം അസിസ്റ്റ് നേടിയിരുന്നു. ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടവും യമാലിനെ തേടിയെത്തി.

യൂറോ കപ്പില്‍ രണ്ട് അസിസ്റ്റുകള്‍ നേടുന്ന രണ്ടാമത്തെ യുവതാരമായി മാറാനാണ് യമാലിന് സാധിച്ചത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറാനും ഇതോടെ സ്പാനിഷ് യുവതാരത്തിന് സാധിച്ചു. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യമാല്‍ ഇത്തരത്തിലുള്ള നേട്ടം സ്വന്തമാക്കിയത്.

ഇതിനോടകം തന്നെ ഒരു ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. യൂറോകപ്പില്‍ കളത്തില്‍ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, യൂറോ കപ്പില്‍ ആസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ നേട്ടങ്ങളാണ് എന്നാല്‍ യമാല്‍ സ്വന്തമാക്കിയത്.

അതേസമയം മത്സരത്തില്‍ സ്‌പെയ്‌നിന് വേണ്ടി റോഡ്രി 39, ഫാബിയന്‍ റൂയിസ് 51, നിക്കോ വില്യംസ് 75, ഡാനി ഓല്‍മോ 83 എന്നിവരാണ് ഗോളുകള്‍ നേടിയത്. മറുഭാഗത്ത് റോബിന്‍ ലെ നോര്‍മാന്റിന്റെ ഓണ്‍ ഗോളിലൂടെയാണ് ജോര്‍ജിയ ഏക ഗോള്‍ രേഖപ്പെടുത്തിയത്.

മത്സരത്തിലെ സര്‍വ്വ മേഖലയിലും സ്പാനിഷ് പടയാണ് ആധിപത്യം പുലര്‍ത്തിയിരുന്നത്. 76 ശതമാനം ബോള്‍ പൊസഷന്‍ സ്വന്തമാക്കിയ സ്‌പെയിന്‍ 35 ഷോട്ടുകളാണ് ജോര്‍ജിയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത് ഇതില്‍ 13 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകള്‍ മാത്രമേ ജോര്‍ജിയക്ക് നേടാന്‍ സാധിച്ചുള്ളൂ.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ജൂലൈ അഞ്ചിന് ആതിഥേയരായ ജര്‍മനിക്കെതിരെയാണ് സ്‌പെയിനിന്റെ അടുത്ത മത്സരം.

 

Content Highlight: Lamine Yamal Create a New Record