അന്ന് മമ്മൂക്ക ഒരുപാട് ചീത്ത പറഞ്ഞത് എന്തിനാണെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്: ലാൽജോസ്
Entertainment
അന്ന് മമ്മൂക്ക ഒരുപാട് ചീത്ത പറഞ്ഞത് എന്തിനാണെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്: ലാൽജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st December 2024, 3:05 pm

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലാൽജോസ്. നിരവധി സൂപ്പർ ഹിറ്റുകൾ ഒരുക്കിയിട്ടുള്ള അദ്ദേഹം ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. സഹ സംവിധായകനായിരുന്ന സമയത്ത് മമ്മൂട്ടിയുടെ അടുത്ത് നിന്നൊരുപാട് ചീത്ത കേട്ടിട്ടുണ്ടെന്ന് പറയുകയാണ് ലാൽജോസ്.

ഷോട്ട് കഴിഞ്ഞാൽ താൻ അഭിനേതാക്കളെ അഭിനന്ദിക്കാറില്ലെന്നും എന്നാൽ മമ്മൂട്ടിയാണ് തന്റെ ആ സ്വഭാവം മാറ്റിയതെന്നും ലാൽജോസ് പറയുന്നു. ഒരു നടനായി മാറിയ ശേഷമാണ് താനത് തിരിച്ചറിയുന്നതിനും ലാൽജോസ് പറഞ്ഞു.

‘മമ്മൂക്കയുടെ കയ്യില്‍ നിന്ന് എനിക്ക് ചീത്ത കേട്ടിട്ടുണ്ട്. സംവിധാനം ചെയ്യുന്ന സമയത്ത് ഷോട്ട് എടുത്ത് കഴിഞ്ഞാല്‍ അത് ഒക്കെ ആണെങ്കില്‍ നെക്സ്റ്റ് എന്ന് പറഞ്ഞ് ഞാന്‍ അടുത്ത പരിപാടിക്ക് പോകും. ഈ സീന്‍ ഓക്കെ ആണെന്ന് ഞാന്‍ പറയില്ല. അവരെ പ്രശംസിക്കുകയുമില്ല.

അങ്ങനെ ഒരിക്കല്‍ ഞാന്‍ സീന്‍ കഴിഞ്ഞ് അടുത്ത സീന്‍ എടുക്കാന്‍ പോകാന്‍ ആഞ്ഞതും മമ്മൂക്ക എന്നെ വിളിച്ചു. ‘നീ എന്ത് ദ്രോഹമാണ് ചെയ്യുന്നത്. നീ ആക്ടേഴ്‌സിനെ ഒട്ടും മതിക്കാത്ത ആളാണ്’ എന്നും പറഞ്ഞ് ഒരുപാട് ചീത്ത കേട്ടു. അസോസിയേറ്റ് ആയിട്ട് വര്‍ക്ക് ചെയ്ത് പിന്നീട് ഡയറക്ടറായ എല്ലാവര്‍ക്കും ഈ പ്രശ്‌നമുണ്ട്. നമ്മള്‍ സമയത്തെ കുറിച്ച് ഒരുപാട് ബോധമുള്ളവരാകും. സമയം കളയാന്‍ പറ്റില്ല. ഒരു ഷോട്ട് കഴിഞ്ഞാല്‍ അത് ഒക്കെ ആണെങ്കില്‍ അതില്‍ എന്താണ് പറയാന്‍ ഉള്ളത് എന്ന ചിന്തയാകും നമുക്ക് ഉണ്ടാവുക.

എന്റെ മൈന്‍ഡ് സെറ്റ് അങ്ങനെയായിരുന്നു. അതിനിടയിലാണ് മമ്മൂക്ക ഒരു ദിവസം വിളിച്ചിരുത്തി സംസാരിക്കുന്നത്. ‘നീ ആക്ടര്‍ ആയാല്‍ മാത്രമേ നിനക്ക് ഇത് മനസിലാകുകയുള്ളൂ. നിന്റെ ഡയറക്ടര്‍ എത്ര ചെറുതോ വലുതോ ആയിക്കോട്ടെ, പെര്‍ഫോം ചെയ്ത് കഴിഞ്ഞാല്‍ അയാള്‍ ഒക്കെയാണ് കൊള്ളാം എന്ന് പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹമുണ്ടാകും. ഒരു ആക്ടറിന് ആദ്യമായി കിട്ടുന്ന പ്രശംസയാണ് അത്. അതാണ് നീ നിഷേധിക്കുന്നത്. ഇത് വലിയ ക്രൂരതയാണ്’ എന്ന് പറഞ്ഞു.

അതിന് ശേഷം പുതിയ ആളുകളെ വെച്ച് പടം ചെയ്യുമ്പോള്‍ അത് ജൂനിയര്‍ അര്‍ട്ടിസ്റ്റ് ആണെങ്കില്‍ പോലും ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് നന്നായിരുന്നു എന്ന് പറയും. കാരണം ഞാന്‍ ക്യാമറയുടെ മുന്നില്‍ പോയി നിന്നപ്പോള്‍ എനിക്ക് അത് വ്യക്തമായി മനസിലായി.


ഇയാള്‍ക്ക് ഇഷ്ടമായോ, എന്താണ് ചിരിക്കാത്തത്, ഇനി ചെയ്തത് ഇഷ്ടമാകാത്തത് കൊണ്ടാണോ എന്നൊക്കെ ഞാന്‍ ചിന്തിക്കും. ആക്ടറായതിന് ശേഷം എനിക്ക് മനസിലായി. എന്നാല്‍ മമ്മൂക്ക ഇതിനെ പറ്റി ആദ്യമെ പറഞ്ഞു തന്നിരുന്നു,’ ലാല്‍ ജോസ് പറയുന്നു.

 

Content Highlight: Laljose About Mammooty And His Film Career