പൃഥ്വിരാജ്- ലാല്‍ ജോസ് കൂട്ടുകെട്ടില്‍ 2012ല്‍ റിലീസായ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോക്സ് ഓഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയ ചിത്രം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. മികച്ച നടന്‍, സംവിധായകന്‍, ജനപ്രിയ ചിത്രം, മികച്ച ഹാസ്യനടന്‍ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡാണ് ചിത്രം നേടിയത്. പൃഥ്വിരാജ് എന്ന നടന്‍ അതിഭീകരമായ സൈബര്‍ അറ്റാക്ക് നേരിടുന്ന കാലത്ത് റിലീസായ ചിത്രം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.
രവി തരകൻ എന്ന ഒരു ഡോക്ടറുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബോബി – സഞ്ജയ് ആയിരുന്നു. താൻ ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ലൊക്കേഷനിൽ ഷൂട്ട് ചെയ്ത ചിത്രമാണ് അയാളും ഞാനും തമ്മില്ലെന്ന് ലാൽജോസ് പറയുന്നു.
സിനിമയുടെ തുടക്കം കാണിക്കാൻ തൃശൂരുള്ള ഒരു ഹോസ്പിറ്റലിലാണ് ഷൂട്ട് ചെയ്തതെന്നും പാട്ടിന്റെ ചില ഭാഗങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലുമെല്ലാമാണ് ഷൂട്ട് ചെയ്തതെന്നും ലാൽജോസ് പറഞ്ഞു.
‘ആ സിനിമയുടെ തുടക്കം കാണിക്കാൻ ഒരു ഹോസ്പിറ്റൽ വേണം. അതിനായി തൃശൂരൊക്കെയുള്ള ഒരുപാട് ഹോസ്പിറ്റലുകൾ പോയി കണ്ടു. അവസാനം ഒറ്റപ്പാലം വാണിയംകുളത്ത് എന്റെ നാട്ടിലുള്ള നെഹ്‌റു ഗ്രൂപ്പിന്റെ ഒരു മെഡിക്കൽ കോളേജിൽ ഞങ്ങൾക്ക് പെർമിഷൻ കിട്ടി.
തുടക്ക ഭാഗത്ത് പൃഥ്വിരാജ് വർക്ക് ചെയ്യുന്ന ഹോസ്‌പിറ്റലായി അത് സെറ്റ് ചെയ്യാമെന്ന് വിചാരിച്ചു. അവർ പഠിക്കുന്ന കാലത്തെ മെഡിക്കൽ കോളേജ് പുഷ്പഗിരി മെഡിക്കൽ കോളേജിലും ചില ഭാഗങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലുമൊക്കെയാണ് ഷൂട്ട് ചെയ്തത്.
അതിൽ തന്നെ സോങ്ങിന്റെ ചില ഭാഗങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എടുത്തത്. എനിക്ക് തോന്നുന്നത് ഞാൻ ഏറ്റവും കൂടുതൽ ലൊക്കേഷൻ ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയായിരുന്നു അയാളും ഞാനും തമ്മിൽ,’ലാൽജോസ് പറയുന്നു.
പൃഥ്വിരാജിന് പുറമേ പ്രതാപ് പോത്തൻ, നരേൻ, സംവൃത സുനിൽ, കലാഭവൻ മണി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സിനിമയായിരുന്നു അയാളും ഞാനും തമ്മിൽ. ഔസേപ്പച്ചൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ക്ലാസ്മേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്, നരേൻ, ലാൽജോസ് എന്നിവർ വീണ്ടും ഒന്നിച്ച സിനിമയാണ് അയാളും ഞാനും തമ്മിൽ.
Content Highlight: Laljose About Location Of Ayalum Njanum Thamil Movie