Film News
ആ സിനിമയില്‍ ലാലേട്ടന്‍ ഹിന്ദി പാട്ടുപാടി അഭിനയിച്ചു; ഞങ്ങള്‍ക്ക് കൗതുകമായിരുന്നു അത്: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 07, 08:04 am
Wednesday, 7th February 2024, 1:34 pm

ടി.എ. റസാഖ് തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിഷ്ണുലോകം. 1991ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ചിത്രത്തില്‍ ശാന്തി കൃഷ്ണ, ഉര്‍വശി, മുരളി എന്നിവര്‍ മറ്റ് പ്രധാന വേഷത്തിലെത്തി.

വിഷ്ണുലോകത്തില്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് പ്രവര്‍ത്തിച്ചിരുന്നത് ലാല്‍ ജോസായിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ച് പറയുകയാണ് ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമല്‍ സാറിന്റെ കൂടെ അസിസ്റ്റന്റായിട്ട് ജോയിന്‍ ചെയ്ത അന്ന് മുതല്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരുന്നത് ലാല്‍ സാറിന്റെ ഒരു സിനിമയായിരുന്നു. കുറേനാള്‍ കമല്‍ സാറിന്റെ സിനിമയില്‍ ലാലേട്ടന്‍ അഭിനയിക്കുന്നത് കാത്തിരിക്കേണ്ടി വന്നു.

കമല്‍ സാറിന്റെ ആദ്യ സിനിമയായ മിഴിനീര്‍പൂവുകളില്‍ അദ്ദേഹമായിരുന്നു നായകന്‍. ‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന രണ്ടാമത്തെ സിനിമയിലും ലാലേട്ടന്‍ തന്നെ നായകനായി. അതില്‍ പ്രൊഡ്യൂസര്‍ ആയതും അദ്ദേഹം തന്നെയാണ്.

ആ ചിത്രം കഴിഞ്ഞ് ഞാന്‍ ജോയിന്‍ ചെയ്ത ‘പ്രാദേശിക വാര്‍ത്തകള്‍’ക്ക് തൊട്ട് മുമ്പുള്ള കമല്‍ സാറിന്റെ സിനിമയിലും ലാലേട്ടന്‍ ഉണ്ടായിരുന്നു. അതില്‍ ഒരു ഗസ്റ്റ് റോളിലായിരുന്നു.

എന്നാല്‍ ഞാന്‍ വന്നതിന് ശേഷം എല്ലാ സിനിമകളിലും ജയറാമേട്ടനായിരുന്നു നായകന്‍. അപ്പോള്‍ എന്നാണ് ലാലേട്ടന്റെ കൂടെയുള്ള സിനിമയെന്ന ആകാംക്ഷ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ലാലേട്ടനൊപ്പം ഒരു സിനിമ വരുന്നത് 1991ലാണ്. ‘വിഷ്ണുലോക’മായിരുന്നു ആ സിനിമ.

അതിന്റെ ഷൂട്ടിങ് നടന്നത് പാലക്കാടായിരുന്നു. ഈ സിനിമ ഒരു നാടോടി സര്‍ക്കസ് സംഘത്തിനെ സംബന്ധിച്ച് ഉള്ളതായിരുന്നു. മുരളിയേട്ടനായിരുന്നു വില്ലന്‍. ആ സിനിമയില്‍ ഹിന്ദിയിലെ എക്കാലത്തെയും പ്രശസ്തമായ ആവാരാ ഹൂണ്‍ എന്ന പാട്ട് ലാലേട്ടന്‍ സ്വന്തം ശബ്ദത്തില്‍ പാടി അഭിനയിച്ചു. അതൊക്കെ ഞങ്ങള്‍ക്ക് കൗതുകമായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.


Content Highlight: Lal Jose Talks About Vishnulokam Movie And Mohanlal