ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേലിനെ നീക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാഷ്ട്രപതിയെ കാണണം; എ.എം ആരിഫ് എം.പി
Lakshadweep
ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേലിനെ നീക്കാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് രാഷ്ട്രപതിയെ കാണണം; എ.എം ആരിഫ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th May 2021, 7:59 pm

ആലപ്പുഴ: ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ രാഷ്ട്രപതിയെ സന്ദര്‍ശിക്കണമെന്ന് എ.എം ആരിഫ് എം.പി.

ലക്ഷദ്വീപിനെ ഞെക്കി കൊല്ലരുത്, ആര്‍.എസ്.എസ് നേതാവായ നേതാവായ പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിന്നും നീക്കുക, എന്ന തലക്കെട്ടില്‍ പി.ഡി.പി നടത്തുന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിഷ്‌കളങ്കരായ ഒരു ജനതയെയും അതിമനോഹരമായ പ്രദേശത്തെയും മതരാഷ്ടവാദത്തിന്റെ ഇരകളാക്കി ജനാധിപത്യത്തെ ഹിംസിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ലക്ഷദീപിനെ പറ്റി സംസാരിക്കുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുകയാണ്. ലക്ഷദ്വീപിന് വേണ്ടി സംസാരിച്ച രാഷ്ട്രീയമായോ സംഘടനാപരമായോ യാതൊരു ബന്ധമില്ലാത്ത നടനായ പൃഥ്വിരാജിനെ പോലും ബി.ജെ.പി സൈബര്‍ ഗുണ്ടകള്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യം അതിവേഗം മതാധിഷ്ഠിതമായി കാവിവത്കരിക്കാനും കച്ചവടവല്‍ക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ ഒന്നിച്ച് എതിര്‍ക്കപ്പെടണം. ഭരണഘടനയുടെ ആമുഖത്തില്‍ നിര്‍ദേശിച്ച ജനാധിപത്യ അവകാശങ്ങളെ നിരാകരിക്കാനാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ ശ്രമിക്കുന്നത്. ക്രിമിനല്‍ വത്ക്കരണമെന്ന നട്ടാല്‍ മുളക്കാത്ത നുണകളാണ് കിരാത നിയമങ്ങള്‍ നടപ്പക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ന്യായീകരണമായി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് എണ്ണത്തില്‍ തുഛമായ ജനതയെ നാടുകടത്തി ദ്വീപ് കയ്യടക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ടൂറിസം ബിസിനസിലൂടെ കോടികള്‍ കൊയ്യാനും ഒരു ഭൂപ്രദേശം തങ്ങളുടേതാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത് എന്ന് വേണം മനസ്സിലാക്കാന്‍. ദക്ഷിണേന്ത്യയുടെ കശ്മീരാക്കുകയാണ് ദീപിനെ കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ കൊവിഡിന്റെ പ്രതേക സാഹചര്യത്തിലും ലക്ഷദീപിനെ മതരാഷ്ട്രവാദത്തിന്റെ പരീക്ഷണശാലയാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യവിശ്വാസികള്‍ ഒന്നിച്ച് ചെറുത്ത് തോല്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ.മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ, ഡോ.കെ.ടി ജലീല്‍ എം.എല്‍.എ, സി.കെ അബ്ദുല്‍ അസീസ്, പി.ഡി.പി നേതാക്കളായ കെ.ഇ അബ്ദുല്ല, വി.എം അലിയാര്‍, മുഹമ്മദ് റജീബ്, അജിത് കുമാര്‍ ആസാദ്, സലിം ബാബു, നിസാര്‍ മേത്തര്‍, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, യൂസഫ് പാന്ത്ര, ജാഫര്‍ അലി ദാരിമി, നൗഷാദ് തിക്കോടി, സിറാജ് കാഞ്ഞിരമറ്റം, എം.എസ് നൗഷാദ്, എസ്.എം ബഷീര്‍, അന്‍വര്‍ താമരക്കുളം, സിയാവുദ്ദീന്‍ പാലക്കാട്, റസാഖ് മണ്ണടി തുടങ്ങിയവര്‍ സംസാരിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Lakshadweep; Opposition parties should meet President to remove Praful Patel; AM Arif MP