കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിനെതിരെ അഴിമതി ആരോപണം. ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരാണ് പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയെത്. നിലവില്‍ ദാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്‌ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.
ഇതുസംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. 400 കോടിയുടെ നിര്‍മ്മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടിരൂപ ചെലവഴിച്ചുവെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.
അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത് ആഡംബര യാത്രകളാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ലക്ഷദ്വീപില്‍ ഒരു തവണ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ദ്വീപ് ഭരണകൂടമാണ് ഈ തുക വഹിക്കുന്നത്. ആറു മാസത്തിനിടെ നാല് തവണയാണ് ഇങ്ങനെ അദ്ദേഹം ദ്വീപിലേക്ക് പറന്നത്.
ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് അഡ്മിനിസ്‌ട്രേറ്റര്‍ യാത്രകള്‍ ചെയ്യുന്നത്. ലക്ഷദ്വീപില്‍ ഇതുവരെയുണ്ടായ 36 അഡ്മിനിസ്‌ട്രേറ്റര്‍മാരില്‍ ആരും ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചിരുന്നല്ല.
അതേസമയം, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തിയിരിക്കുകയാണിപ്പോള്‍. ദ്വീപിലെ ഊര്‍ജസ്വകാര്യവത്കരണം, സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, എന്‍.ഐ.ഒ.ടി. പ്ലാന്റുകള്‍, കവരത്തി ഹെലിബേസ് എന്നിവയില്‍ വിവിധ വകുപ്പുമേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. കവരത്തിയിലെ ആശുപത്രി നിര്‍മാണസ്ഥലം സന്ദര്‍ശിക്കും.