കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പാര്‍ലമെന്റ് ഭേദഗതിയില്ലാതെയാണ് ലക്ഷദ്വീപില്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത്.
അമിനി ദ്വീപ് സ്വദേശിയായ അഡ്വ. അവ്‌സാലി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടി.
ലക്ഷദ്വീപ് സ്വദേശികളായ പുരുഷന്മാര്‍ക്ക് നവസ്തുവിന് ആറ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റുള്ളവര്‍ക്ക് എട്ട് ശതമാനവുമായിരുന്നു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ച സ്റ്റാമ്പ് ഡ്യൂട്ടി.
ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരത്തില്‍ വ്യത്യസ്ത നിരക്കില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.
നേരത്തെ ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കാനുള്ള അഡ്മിനിസ്‌ട്രേഷന്റെ തീരുമാനത്തിനും ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകള്‍ പൊളിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
വീടുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍ നടത്തിയിരിക്കുന്നത്. ലക്ഷദ്വീപില്‍ കടല്‍ തീരത്തുള്ള 160ഓളം വീടുകള്‍ പൊളിച്ചുനീക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. കടല്‍ത്തീരത്തുനിന്ന് 20മീറ്റര്‍ പരിധിയിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകള്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്.