കൊച്ചി: സംവിധായിക ഐഷ സുല്‍ത്താന ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഐഷ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, കോടതി നല്‍കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തു എന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു.
ഇതുസംബന്ധിച്ച രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ മൂന്നാം തവണയാണ് കവരത്തി പൊലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്.
ഇതിനിടെ ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി താക്കീത് ചെയ്തിരുന്നു. ഐഷ സുല്‍ത്താന കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനില്‍ എത്താനുള്ള അനുമതി മാത്രമാണ് ഐഷയ്ക്ക് നല്‍കിയതെന്നാണ് കളക്ടര്‍ പറഞ്ഞത്.
ഐഷ സുല്‍ത്താന പഞ്ചായത്ത് മെമ്പര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു, കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലെത്തുകയും ദ്വീപിലെ പലയിടങ്ങളിലും സന്ദര്‍ശനം നടത്തുകയും ചെയ്തു. ഇത് ആവര്‍ത്തിച്ചാല്‍ നടപടിയെടുക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നീട്ടിവെച്ച കോടതി ഒരാഴ്ച കാലാവധിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.
കേസില്‍ അറസ്റ്റ് ആവശ്യമാണെങ്കില്‍ കോടതിയെ അറിയിച്ച ശേഷമേ നടപടി സ്വീകരിക്കാവൂ എന്നാണ് ഈ ഉത്തരവില്‍ പറയുന്നത്.
ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഐഷ ദ്വീപിലെത്തിയത്. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചതിലാണ് ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹം ചുമത്തി കേസെടുത്തത്. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.
ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഷ സുല്‍ത്താന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ടി.വി. ചര്‍ച്ചയില്‍ നടത്തിയ ‘ബയോ വെപ്പണ്‍’ പരാമര്‍ശം ബോധപൂര്‍വ്വം ആയിരുന്നില്ലെന്നും ഐഷ സുല്‍ത്താന ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച കോടതി ലക്ഷദ്വീപ് പൊലീസിനോട് എന്തെല്ലാം കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്ന് നേരത്തെ ചോദിച്ചിരുന്നു.