റൂത്തിന്റെ ലോകം, കോഫി ഹൗസ്, റെസ്റ്റ് ഇന്‍ പീസ്, കന്യാ മരിയ, ഹൈഡ്രാഞ്ച തുടങ്ങിയ ക്രൈം ത്രില്ലര്‍ – മിസ്റ്ററി നോവലുകളിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ലാജോ ജോസ്. അദ്ദേഹം അമല്‍ നീരദിനൊപ്പം ചേര്‍ന്ന് രചന നിര്‍വഹിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് ബോഗെയ്ന്‍വില്ല.
അമല്‍ നീരദിനെ കുറിച്ച് സംസാരിക്കുകയാണ് ലാജോ ജോസ്. ബോഗെയ്ന്‍വില്ല സിനിമയില്‍ ഒരു ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ജ്യോതിര്‍മയിയുടെ മുടി ചെറുതായൊന്നു മുന്നിലേക്ക് വന്നു കിടക്കുന്നുണ്ടായിരുന്നെന്നും അപ്പോള്‍ തന്നെ അമല്‍ സാര്‍ അത് പിന്നിലേക്ക് ഇടാന്‍ പറഞ്ഞെന്നും ലാജോ ജോസ് പറയുന്നു. സിനിമയിലെ മൈന്യൂട്ടായിട്ടുള്ള ഡീറ്റെയില്‍സ് വരെ അമല്‍ നീരദ് ശ്രദ്ധിക്കുമെന്നും കഥാപാത്രത്തിന്റെ മുടിപോലും അമല്‍ നീരദിന്റെ അനുവാദമില്ലാതെ മുന്‍പിലേക്ക് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമല്‍ നീരദ് വളരെ അര്‍പ്പണബോധമുള്ള ആളാണെന്നും മനസില്‍ സിനിമ മാത്രമേ ഉള്ളുവെന്നും ലാജോ ജോസ് പറയുന്നു. ഒരു സിനിമയിലേക്ക് ഇന്‍ ആയിക്കഴിഞ്ഞാല്‍ അതെങ്ങനെ ബെറ്റര്‍ ആകാമെന്നാണ് അദ്ദേഹം ചിന്തിക്കാറുള്ളതെന്നും ലാജോ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡോക്ടറുടെ അടുത്ത് പോകുന്നൊരു ഷോട്ടുണ്ട് അതില്‍. ആ സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ ജ്യോതിര്‍മയിയുടെ മുടി ചെറുതായൊന്ന് മാറിയിരുന്നു. അപ്പോള്‍ അമല്‍ സാറാണ് പറഞ്ഞത് ആ മുടി വലിച്ച് പുറകിലേക്കിടാന്‍. അത്രയും മൈന്യൂട്ടായിട്ടുള്ള ഡീറ്റെയില്‍സ് വരെ അമല്‍ സാര്‍ നോക്കാറുണ്ട്. ക്യാരക്ടറിന്റെ മുടിപോലും അമല്‍ സാറിന്റെ അനുവാദമില്ലാതെ മുന്‍പിലേക്ക് വരില്ല.
അമല്‍ സാറാണ് തീരുമാനിക്കുന്നത് മുടി എങ്ങോട്ട് വരണം എങ്ങോട്ട് ചീകണം എന്നൊക്കെ. അത്രക്ക് ഹൈലി ഡെഡിക്കേറ്റഡാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മനസില്‍ സിനിമ മാത്രമേ ഉണ്ടാകുകയുള്ളൂ. ഒരു സിനിമയിലേക്ക് ഇന്‍ ആയി കഴിഞ്ഞാല്‍ പിന്നെ ആ സിനിമ എങ്ങനെ ബെറ്റര്‍ ആക്കാം എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. എങ്ങനെ ആളുകളിലേക്ക് പെട്ടെന്ന് എത്താം എന്നൊക്കെയാണ് അദ്ദേഹം ആലോചിക്കുക,’ ലാജോ ജോസ് പറയുന്നു.