ലിയോ എന്നും പ്രിയപ്പെട്ടവനാണ്, കരിയറില്‍ തുടരണമെങ്കില്‍ പക്ഷേ കളിക്കാന്‍ പറ്റുന്ന ക്ലബ്ബില്‍ കേറണം; പി.എസ്.ജി വിടാനുള്ള കാരണം വെളിപ്പെടുത്തി താരം
Football
ലിയോ എന്നും പ്രിയപ്പെട്ടവനാണ്, കരിയറില്‍ തുടരണമെങ്കില്‍ പക്ഷേ കളിക്കാന്‍ പറ്റുന്ന ക്ലബ്ബില്‍ കേറണം; പി.എസ്.ജി വിടാനുള്ള കാരണം വെളിപ്പെടുത്തി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th September 2022, 12:07 pm

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരേഡസ് പാരീസ് സെയ്ന്റ് ജര്‍മന്‍ ക്ലബ്ബ് (പി.എസ്.ജി) വിട്ടത്. തുടര്‍ന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു.

ക്ലബ്ബില്‍ തന്റെ ഇഷ്ട താരമായ ലയണല്‍ മെസി ഉണ്ടായിരുന്നിട്ടും ക്ലബ്ബ് വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പരേഡസ്. മെസിയുടെ കൂടെ സമയം ചിലവഴിക്കാനും കളിക്കാനും സാധിച്ചതില്‍ വളരെ സന്തുഷ്ടനാണെന്നും കളിക്കളത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ക്ലബ്ബ് വിട്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ലിയോയോട് കൂടുതല്‍ ഇടപഴകാനും അദ്ദേഹത്തോടൊപ്പം ക്ലബ്ബില്‍ കളിക്കാന്‍ സാധിക്കുന്നതും വളരെ ആസ്വാദ്യകരമായ കാര്യമാണ്. പക്ഷേ മറ്റ് കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പുറത്തു പോയി കളിക്കളത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത് കരിയറിന്റെ വളര്‍ച്ചക്ക് നല്ലതാണെന്നുള്ളത് കൊണ്ടാണ് പി.എസ്.ജി വിടുന്നതിനെ കുറിച്ചാലോചിച്ചത്,’ പരേഡസ് പറഞ്ഞു.

ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെ ഇങ്ങനൊരു തീരുമാനമെടുക്കേണ്ടി വന്നത് ലോകകപ്പ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”ഖത്തര്‍ ലോകകപ്പിലേക്കുള്ള ദൂരം അടുത്തുവരുമ്പോളായിരുന്നു എനിക്കിങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. വളരെ പ്രതിസന്ധിയിലാഴ്ത്തിയ ചുവടുവെപ്പാണ് എടുത്തതെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കില്‍ എനിക്കെന്ത് ചെയ്യാനാകും എന്നേ മനസിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ആദ്യം ആലോചിച്ചത് പി.എസ്.ജി വിടുന്നതിനെ കുറിച്ചായിരുന്നു. അതുകൊണ്ട് ഞാനെടുത്തത് എന്തുകൊണ്ടും ശരിയായ തീരുമാനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” പരേഡസ് വ്യക്തമാക്കി.

ലോകകപ്പില്‍ തന്റെ ഇഷ്ടതാരമായ മെസിക്കൊപ്പം പരേഡസ് അര്‍ജന്റീനക്കായി ബൂട്ട് കെട്ടും. ഖത്തര്‍ ലോകകപ്പിന് ഏറെ പ്രാധാന്യം നല്‍കുന്ന അര്‍ജന്റൈന്‍ സംഘത്തിന്റെ ഒഴിച്ചു കൂടാനാവാത്ത താരമാണ് പരേഡസ്.

Content Highlights: Laeandro Paredes reveals the reason why he leaves PSG