ആമിര്‍ ഖാന്‍ നായകനായി എത്തിയ ലാല്‍ സിങ് ചദ്ദ ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്തത്. വമ്പന്‍ പ്രതീക്ഷയില്‍ എത്തിയ ചിത്രം എന്നാല്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.
50 കോടി പോലും ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് ദിവസങ്ങള്‍ എടുത്താണ് ചദ്ദ സ്വന്തമാക്കിയത്. ചിത്രം ഇന്ത്യയില്‍ കിതച്ച് പ്രദര്‍ശനം തുടരുമ്പോള്‍ ഇന്ത്യക്ക് പുറത്ത് മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇന്റര്‍നാഷണല്‍ ബോക്‌സോഫീസില്‍ നിന്ന് ഏറ്റവും കുടുതല്‍ കളക്ഷന്‍ വാരിയ ബോളിവുഡ് ചിത്രമെന്ന റെക്കോഡാണ് ലാല്‍ സിങ് ചദ്ദ സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കിടെ 7.5 മില്യണ്‍ ഡോളര്‍ (59 കോടി രൂപ) ആണ് ലാല്‍ സിങ് ചദ്ദ നേടിയിരിക്കുന്നത്. ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്യവാഡിയുടെ കളക്ഷനാണ് ഇത്രയും ദിവസം കൊണ്ട് ചിത്രം മറികടന്നിരിക്കുന്നത്.
7.47 മില്യണ്‍ ഡോളറാണ് ആലിയ ചിത്രത്തിന്റെ കളക്ഷന്‍. ഭൂല്‍ ഭുലയ്യ 2
5.88 മില്യണും, ദി കശ്മീര്‍ ഫയല്‍സ് 5.7 മില്യണ്‍ ഡോളറും ഇന്റര്‍നാഷണല്‍ ബോക്‌സോഫീസില്‍ നിന്ന് കളക്ട് ചെയ്തിട്ടുണ്ട്.
1994ലാണ് ടോം ഹാങ്ക്‌സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിങ് ചദ്ദ. 2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ഖാന്‍ സ്വന്തമാക്കിയത്. ഇന്ത്യയിലുടനീളം ചിത്രീകരിച്ച സിനിമയുടെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു.
2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍. അതുല്‍ കുല്‍ക്കര്‍ണിയുടേതാണ് തിരക്കഥ. കരീന കപൂര്‍ നായികയായി എത്തിയ ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്.