ഫ്രാന്‍സില്‍ തീവ്രവലതുപക്ഷത്തിനെതിരെ ശബ്ദിച്ചവരില്‍ കിലിയന്‍ എംബാപ്പെയും
World News
ഫ്രാന്‍സില്‍ തീവ്രവലതുപക്ഷത്തിനെതിരെ ശബ്ദിച്ചവരില്‍ കിലിയന്‍ എംബാപ്പെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 5:51 pm

പാരീസ്: ഫ്രാന്‍സ് തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷത്തിനെതിരെ ശബ്ദിച്ചവരില്‍ ദേശീയ ഫുട്ബോള്‍ ടീം അംഗം കിലിയന്‍ എംബാപ്പെയും. വോട്ടെടുപ്പിന് മുമ്പ്, തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയെ അധികാരത്തിലേറ്റരുതെന്ന് ഫ്രാന്‍സിലെ ജനങ്ങളോട് എംബാപ്പെ ആഹ്വാനം ചെയ്തിരുന്നു. 2024 യൂറോകപ്പിലെ ഫ്രാന്‍സിന്റെ ഉദ്ഘാടന മത്സരത്തിന്റെ തലേദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു എംബാപ്പെയുടെ പരാമര്‍ശം.

ഫ്രാന്‍സിലെ ജനങ്ങള്‍ നാഷണല്‍ റാലിയുടെ നിയന്ത്രിത സര്‍ക്കാരിന് കീഴില്‍ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. അതിനായി തങ്ങളുടെ വോട്ടുകള്‍ ജനങ്ങള്‍ കൃത്യമായി വിനിയോഗിക്കണം. മറ്റു ദിനങ്ങളേക്കാള്‍ സുപ്രധാനമായ ദിവസമാണ് വോട്ടെടുപ്പ് ദിനം. വോട്ട് ചെയ്യാന്‍ താത്പര്യപ്പെടാത്ത ആളുകളെ പോലും തെരഞ്ഞെടുപ്പിലേക്ക് ക്ഷണിക്കണമെന്നും എംബാപ്പെ ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ 30ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ആദ്യ റൗണ്ട് ഒരു വിപത്തിനെ സൂചിപ്പിക്കുന്നുവെന്നും എംബാപ്പെ പ്രതികരിച്ചിരുന്നു.

‘ഇത് ഒരു അടിയന്തിര സാഹചര്യമാണ്. ആദ്യ റൗണ്ടില്‍ നാഷണല്‍ റാലി നേടിയ 33 ശതമാനം വോട്ട് ഒരു അപായ സൂചനയാണ്. കുടിയേറിയ തീവ്രവലതുപക്ഷ ആശയത്തിനും പാര്‍ട്ടിക്കും രാജ്യത്ത് അധികാരം പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം,’ എന്നാണ് എംബാപ്പെ പറഞ്ഞത്.

തീവ്രവലതുപക്ഷത്തിനെതിരെ ഒന്നായി അണിചേരണമെന്നും ആദ്യ ഫലങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കിരീട പ്രതീക്ഷകളെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമങ്ങളോട്, ഫ്രാന്‍സ് തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷം പരാജയപ്പെടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു എംബാപ്പെ സംസാരിച്ച് തുടങ്ങിയത്.

യൂറോപ്യന്‍ യൂണിയന്‍ വോട്ടെടുപ്പില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. തീവ്രവലതുപക്ഷത്തിനെതിരെ പോരാടുന്നുവെന്ന് ബോധ്യപ്പെടുത്തി വീണ്ടും അധികാരത്തിലേറാനായിരുന്നു മാക്രോണ്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഫലങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിനെ ലക്ഷ്യങ്ങളെ പൊളിച്ചെഴുതി.

ഇടതുപക്ഷത്തിന്റെ വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇടതുപക്ഷത്തിന് വോട്ട് നല്‍കരുതെന്ന് മാക്രോണും സംഘവും പരസ്യമായും അല്ലാതെയും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ 577 അംഗ പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ തൂക്കുമന്ത്രി സഭയാണ് ഫ്രാന്‍സില്‍ വരിക. ഇടതുമുന്നണിയെ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടിയപ്പോള്‍, മാക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

Content Highlight: Kylian Mbappe was among those who spoke out against the far-right in France