Football
എനിക്കറിയാമായിരുന്നു എന്നെ തേടി ഈ റെക്കോഡ് എത്തുമെന്ന്; ചരിത്ര നേട്ടത്തിന് പിന്നാലെ എംബാപ്പെയുടെ വാക്കുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 05, 05:10 am
Sunday, 5th March 2023, 10:40 am

കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍പി.എസ്.ജിക്കായി ഒരു ഗോള്‍ നേടിയതോടെ പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, ലീഗ് വണ്ണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡാണ് എംബാപ്പെ പേരിലാക്കിയിരിക്കുന്നത്.

ലീഗില്‍ ഇതുവരെ കളിച്ച 247 മത്സരങ്ങളില്‍ നിന്ന് 201 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. 301 മത്സരങ്ങളില്‍ നിന്ന് 200 ഗോള്‍ നേടിയ ഉറുഗ്വേന്‍ താരം എഡിന്‍സന്‍ കവാനിയുടെ റെക്കോഡ് തകര്‍ത്താണ് എംബാപ്പെയുടെ നേട്ടം.

ലയണല്‍ മെസിയടക്കം നിരവധി താരങ്ങള്‍ എംബാപ്പെയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തകര്‍പ്പന്‍ റെക്കോഡിന് പിന്നാലെ കനാല്‍ പ്ലസിന് നല്‍കിയ അഭിമുഖത്തിലെ വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘എനിക്കറിയാമായിരുന്നു ഞാന്‍ ഈ റെക്കോഡ് തകര്‍ക്കുമെന്ന്. ഇവിടെ കളിക്കാന്‍ സാധിക്കുകയെന്നത് ഒരു ബഹുമതിയായിട്ടാണ് ഞാന്‍ കാണുന്നത്. യുവതാരമായിട്ടാണ് ഞാന്‍ ഇവിടെയെത്തിയത്.

ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒത്തിരി കാര്യങ്ങള്‍ എനിക്കിവിടെ നിന്ന് പഠിക്കാന്‍ സാധിച്ചു. പാരീസിയന്‍ എന്ന നിലയില്‍ പി.എസ്.ജിക്കായി കളിക്കാന്‍ സാധിക്കുന്നതും സ്‌പെഷ്യല്‍ ആയിട്ടാണ് ഞാന്‍ കാണുന്നത്,’ എംബാപ്പെ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ 12ാം മിനിട്ടില്‍ മെസിയുടെ ഗോളിലൂടെ പി.എസ്.ജി ലീഡ് എടുക്കുകയായിരുന്നു. 17ാം മിനിട്ടില്‍ ജാവൂന്‍ ഹദ്ജാമിന്റെ ഓണ്‍ ഗോളിലൂടെ പി.എസ്.ജി ലീഡുയര്‍ത്തി.

31ാം മിനിട്ടില്‍ ലുഡോവിച് ബ്ലാസ്റ്റ് നാന്റെസിനായി ഗോള്‍ മടക്കി. 38ാം മിനിട്ടില്‍ ഇഗ്നേഷ്യസ് ഗനാഗോ ഗോള്‍ നേടിയതോടെ നാന്റെസ് സമനില പിടിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഡാനിലോ പെരേര ഗോള്‍ നേടിയതോടെ പി.എസ്.ജി ലീഡ് നേടി. ഇഞ്ച്വറി ടൈമില്‍ എംബാപ്പെയുടെ റെക്കോഡ് ഗോളിലൂടെ പി.എസ്.ജി ജയമുറപ്പിക്കുകയായിരുന്നു.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാര്‍ച്ച് ഒമ്പതിന് ബയേണ്‍ മ്യൂണിക്കിനെതിരെ പി.എസ്.ജിയുടെ രണ്ടാം പാദ മത്സരം നടക്കും.

Content Highlights: Kylian Mbappe talking about his record in Ligue 1