ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇലവനെ പ്രഖ്യാപിച്ച് എംബാപ്പെ; പട്ടികയിൽ നിന്ന് സൂപ്പർ താരം പുറത്ത്
football news
ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഇലവനെ പ്രഖ്യാപിച്ച് എംബാപ്പെ; പട്ടികയിൽ നിന്ന് സൂപ്പർ താരം പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd April 2023, 5:53 pm

ഫ്രഞ്ച് ദേശീയ ടീമിന്റെ മുൻ നിര താരങ്ങളിൽ ശ്രദ്ധേയനായ പ്ലെയറാണ് യുവതാരം കിലിയൻ എംബാപ്പെ.
ഫ്രഞ്ച് മുൻ നിര ക്ലബ്ബായ പി.എസ്.ജിയിൽ കളിക്കുന്ന താരം ക്ലബ്ബിനായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
എന്നാൽ 2017ൽ താരം പുറത്തുവിട്ട മികച്ച പ്ലെയേഴ്സിന്റെ ഇലവനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. മെസിയും റൊണാൾഡോയും ഇടം പിടിച്ച പട്ടികയിൽ ഫ്രഞ്ച് ഇതിഹാസ താരമായ സിനദിൻ സിദാനും ഇടമുണ്ട്.

ഇറ്റലിയുടെ ഇതിഹാസ താരമായ ബുഫൺ ഗോളിയായ ഇലവനിൽ കഫു, സെർജിയോ റാമോസ്, പൗലോ മാൽദീനി മുതലായ താരങ്ങൾക്കും ഇടമുണ്ട്.
തന്റെ ക്ലബ്ബായ പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായ നെയ്മറും പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് സമൂഹ മാധ്യമങ്ങളിലിപ്പോൾ ചർച്ചാ വിഷയമായിട്ടുണ്ട്.

നെയ്മറും എംബാപ്പെയും തമ്മിൽ സ്വരച്ചേർച്ചയിലല്ല എന്ന ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിലാണ് നെയ്മറെയും ചേർത്ത് മികച്ച ലോക ഇലവനെ എംബാപ്പെ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡോ, നെയ്മർ, മെസി, സിദാൻ, റൊണാൾഡീന്യോ, റോബർട്ടോ കാർലോസ്, മാൽദീനി, സെർജിയോ റാമോസ്, കഫു, ബുഫൻ മുതലായ താരങ്ങളാണ് എംബാപ്പെ പ്രഖ്യാപിച്ച ലോക ഇലവനിൽ ഉൾപ്പെടുന്നത്.

എന്നാൽ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസെമക്ക് പട്ടികയിൽ സ്ഥാനമില്ല.

അതേസമയം തിങ്കളാഴ്ച നടന്ന മത്സരത്തിൽ ബ്രാഡ്ലി ബാർകോള നേടിയ ഗോളിൽ പി.എസ്.ജിയെ ലിയോൺ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ പന്ത് കൈവശം വൈക്കുന്നതിലും ഷോട്ട് ഓൺ ടാർഗറ്റ് ഉതിർക്കുന്നതിലും ആധിപത്യം പുലർത്തിയിരുന്ന പി.എസ്.ജിക്ക് എന്നാൽ ഗോൾ മാത്രം നേടാൻ സാധിച്ചിരുന്നില്ല.

അതേസമയം 29 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ലീഗ് വൺ ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.
ഏപ്രിൽ ഒമ്പതിന് നൈസുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Kylian Mbappe chose his all-time dream XI