ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സി.പി.ഐ.എം. ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരുമായി തോമസ് ചര്‍ച്ച നടത്തി.
കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. എന്നാല്‍ തീര്‍ത്തും സ്വാഭാവികമായ കൂടിക്കാഴ്ചയായിരുന്നുവെന്നാണ് കെ.വി. തോമസിന്റെ പ്രതികരണം.
നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയായിരുന്നു ഇന്നത്തേതെന്നും രാഷ്ട്രീയപരമായ കാര്യങ്ങളാണ് ചര്‍ച്ചചെയ്തതെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാനും യെച്ചൂരിയുമായി ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. രണ്ടുമാസം മുന്‍പ് ഞാന്‍ ഇവിടെ എത്തിയിരുന്നു. പിന്നീട് യെച്ചൂരി എന്നെയും വന്ന് കണ്ടിരുന്നു. ഇന്നത്തേത് നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു,’ കെ.വി. തോമസ് പറഞ്ഞു.
യെച്ചൂരിയെ കാണാനാണ് വന്നതെന്നും വന്നപ്പോള്‍ പ്രകാശ് കാരാട്ടിനെയും കണ്ടെന്നേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് തഴയപ്പെട്ട സാഹചര്യത്തില്‍ കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയ സാഹചര്യത്തില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ആക്കണമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും പരിഗണിച്ചിരുന്നില്ല.
ജൂണില്‍ യെച്ചൂരിയെക്കൂടാതെ സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയുമായും കെ.വി. തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.