ജനദ്രോഹ നടപടികള്‍ മാനേജ്‌മെന്റ് സ്‌കില്ലോടെ മോദി നടപ്പിലാക്കുന്നുവെന്നാണ് പറഞ്ഞത്: മോദിയെ പുകഴ്ത്തിയെന്ന വിഷയത്തില്‍ വിശദീകരണവുമായി കെ.വി തോമസ്
Kerala
ജനദ്രോഹ നടപടികള്‍ മാനേജ്‌മെന്റ് സ്‌കില്ലോടെ മോദി നടപ്പിലാക്കുന്നുവെന്നാണ് പറഞ്ഞത്: മോദിയെ പുകഴ്ത്തിയെന്ന വിഷയത്തില്‍ വിശദീകരണവുമായി കെ.വി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th April 2018, 1:09 pm

 

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചെന്ന വിഷയത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എം.പി കെ.വി തോമസ്. ജനദ്രോഹ നടപടികള്‍ മാനേജ്‌മെന്റ് സ്‌കില്ലോടെ മോദി നടപ്പിലാക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നാണ് കെ.വി തോമസിന്റെ വിശദീകരണം.

ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ചില മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം പാര്‍ട്ടി നേതാക്കളെക്കാള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നത് മോദിയോടാണെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. കൂടാതെ മോദിയുടെ ഭരണ നൈപുണ്യത്തെ പുകഴ്ത്തി സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കെ.വി തോമസിനോടു വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.


Also Read: ഗോപിനാഥ പിള്ള: ‘മകന്‍ തീവ്രവാദിയായിരുന്നില്ല; മുസ്‌ലിമായിരുന്നു’ എന്ന് തെളിയിക്കാന്‍ പോരാടിമരിച്ച ഹിന്ദുവായ ഒരച്ഛന്റെ കഥ


കേരളാ മാനേജ്മെന്റ് സമ്മേളനത്തില്‍ മോദിയെക്കുറിച്ച് കെ.വി തോമസ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന മികച്ച ഒരു ഭരണാധികാരിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാള്‍ സുഖമായി മോദിയുമായി സംവേദനം നടത്താന്‍ നടക്കുമെന്ന് കെ.വി. തോമസ് പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ ഏറ്റവുമധികം വിമര്‍ശനമുയര്‍ന്ന നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ സ്വന്തം നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്നും വിഷയത്തിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Must Read: സെക്രട്ടറിയേറ്റില്‍ ദളിത് ജീവനക്കാരനു നേരേ ജാതി പീഡനം; എച്ചിലെടുക്കാനും പാത്രം കഴുകാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ബന്ധിക്കുന്നുവെന്ന് ക്ലാസ്സ് ഫോര്‍ ജീവനക്കാരന്‍


എല്ലാ പ്രശ്നങ്ങളേയും മോദി സവിശേഷമായ മാനേജ്മെന്റ് ടെക്നിക്ക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു. മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം പ്രധാനമന്ത്രിയുടെ ഈ വൈദഗ്ധ്യം കാണുവാന്‍ സാധിക്കുമെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.