Daily News
തൊഴില്‍ ചൂഷണത്തിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ നിലനില്‍പ്പ് സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 03, 07:47 am
Friday, 3rd July 2015, 1:17 pm

kuwj കോഴിക്കോട്: മാധ്യമങ്ങളിലെ കോര്‍പ്പറേറ്റ് വത്കരണത്തിനെതിരെയും തൊഴില്‍ ചൂഷണത്തിനെതിരേയും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിക്കുന്ന നിലനില്‍പ്പ് സമരം കോഴിക്കോട് പ്രസ് ക്ലബ്ബിനു സമീപം ആരംഭിച്ചു. ജൂലായ് മൂന്നു മുതല്‍ 13 വരെ നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭപരിപാടികളാണ് സമരത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

പ്രസ് ക്ലബ്ബിനു സമീപം റിലേ സത്യാഗ്രഹമാണ് നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും.

മാതൃഭൂമിയില്‍ നിന്നും പിരിച്ചുവിട്ട സി. നാരായണനെ തിരിച്ചെടുക്കുക, മാതൃഭൂമി മാനേജ്‌മെന്റിന്റെ തൊഴിലാളി പീഡനം അവസാനിപ്പിക്കുക, ഇന്ത്യാ വിഷന്‍ ജീവനക്കാര്‍ക്ക് തൊഴിലും കൂലിയും നല്‍കുക, ടി.വി ന്യൂവില്‍ കുടിശ്ശിക തീര്‍ത്ത് ശമ്പളം യഥാസമയം നല്‍കുക, കേരളകൗമുദിയില്‍ വേജ്‌ബോര്‍ഡ് നടപ്പാക്കുക, ജീവന്‍ ടിവി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, മാധ്യമസ്ഥാപനങ്ങളിലെ പീഡന സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക, മാധ്യമ ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ജൂലൈ 3ന് കണ്ണൂര്‍, 4ന് വയനാട്, കാസര്‍കോഡ്, 5ന് പത്തനംതിട്ട, 6ന് പാലക്കാട്, 7ന് തിരുവനന്തപുരം, 8ന് തൃശൂര്‍, 9ന് ആലപ്പുഴ, ഇടുക്കി, 10ന് പത്തനംതിട്ട, കൊല്ലം, 11ന് മലപ്പുറം, 12ന് ഏറണാകുളം ജില്ല എന്ന നിലയിലാണ് മാധ്യമപ്രവര്‍ത്തകര്‍ സമരങ്ങളില്‍ പങ്കെടുക്കുക. 13 ന് കോഴിക്കോട് ജില്ലയിലെ യൂണിയന്‍ പ്രവര്‍ത്തകരും അംഗങ്ങളും അനുകൂലികളും പങ്കെടുക്കുന്ന സത്യാഗ്രഹത്തോടെ പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കും.

പ്രസ് ക്ലബ്ബിനു സമീപം റിലേ സത്യാഗ്രഹമാണ് നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. കഴിഞ്ഞദിവസവും സമരത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധയിടങ്ങളില്‍ സത്യാഗ്രഹം നടന്നിരുന്നു.