Daily News
കുവൈത്തില്‍ രാജകുടുംബാംഗത്തിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ്; പ്രമേയം പാസാകുമെന്നായപ്പോള്‍ മന്ത്രിസഭ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 31, 03:50 am
Tuesday, 31st October 2017, 9:20 am

 

കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹാമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പതിനാറംഗ മന്ത്രിസഭ രാജിവെച്ചു. രാജിക്കത്ത് അമീര്‍ ശൈഖ് അഹമ്മദ് അല്‍ ജാബിര്‍ അല്‍സബക്ക് കൈമാറി.

എന്നാല്‍ രാജിവെച്ചെങ്കിലും അടുത്ത മന്ത്രിസഭ വരുന്നതുവരെ ഇടക്കാല സര്‍ക്കാരായി പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും തുടരും. അമീറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

മേഖലയിലെ പ്രത്യേക സാഹചര്യത്തില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം സുതാര്യമാക്കണമെന്നാണ് അമീറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രാജി. രാജകുടുംബാംഗവും കാബിനറ്റ്കാര്യ-വാര്‍ത്താ വിനിമയ വകുപ്പുമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ അബ്ദുള്ള അല്‍സബക്കെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിസഭ രാജിവെച്ചത്.


Also Read: പതിനാലുകാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനെത്തിയ മലയാളി ബാങ്ക് മാനേജരെ കെണിയിലാക്കിയതിങ്ങനെ; പിടിക്കപ്പെട്ടപ്പോള്‍ കരച്ചില്‍, വീഡിയോ


രാജകുടുംബാംഗത്തിനെതിരേ അവിശ്വാസം പാസാക്കുന്നത് ഒഴിവാക്കാന്‍വേണ്ടിയായിരുന്നു മന്ത്രിസഭയുടെ രാജി. മന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പുകളില്‍ ക്രമക്കേട് ആരോപിച്ച് 10 എം.പിമാര്‍ ചേര്‍ന്നാണ് അവിശ്വാസത്തിനും കുറ്റവിചാരണയ്ക്കും നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ നിലവില്‍വന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടക്കേണ്ട പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് രാജി നല്‍കിയത്.

എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സാധ്യതയില്ലെന്ന് സ്പീക്കര്‍ മര്‍സൂക് അല്‍ഗാനിം അറിയിച്ചു.