ന്യൂദല്‍ഹി: ഇന്ത്യാ ഗേറ്റ് പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്. ഇന്ത്യാഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് ആവശ്യപ്പെടുന്നത്. ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശീയ തലവന്‍ ജമാല്‍ സിദ്ദിഖിയുടേതാണ് ആവശ്യം.
പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തയച്ച കത്തിലാണ് നേതാവിന്റെ അഭ്യര്‍ത്ഥന. പ്രധാനമന്ത്രി ഇടപെട്ട് ഇന്ത്യാഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണമെന്ന് കത്തില്‍ സിദ്ദിഖി ആവശ്യപ്പെടുന്നുണ്ട്.
‘മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനാണെന്നും ഇയാളുടെ പേരിലുളള റോഡ് എ..പി.ജെ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു. ഇന്ത്യാഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. രാജ്പഥിനെ കര്‍ത്തവ്യയെന്ന നാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌ക്കാരത്തെ ബന്ധിപ്പിച്ചു. അതുപോലെ ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്ന് മാറ്റണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു,’ നേതാവ് കത്തില്‍ പറയുന്നു.
ഇന്ത്യാ ഗേറ്റിനെ ഭാരത് മാതാ ദ്വാര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് സ്തംഭത്തിലെ പേരുകള്‍ ആലേഖനം ചെയ്ത ആയിരക്കണക്കിന് രക്തസാക്ഷികള്‍ക്കുള്ള യഥാര്‍ത്ഥ ആദരാജ്ഞലികളാകുമെന്നും ബി.ജെ.പി നേതാവ് കത്തില്‍ വാദിക്കുന്നുണ്ട്.
മോദിയുടെ നേതൃത്വത്തില്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും ഇന്ത്യന്‍ സംസ്‌ക്കാരത്തിനോടുള്ള അര്‍പ്പണബോധവും വളര്‍ന്നുവെന്നാണ് നേതാവ് മോദിക്ക് അയച്ച കത്തില്‍ പറയുന്നത്.
മുഗള്‍ അക്രമകാരികളും കൊള്ളക്കാരും ബ്രിട്ടീഷുകാരും ഏല്‍പ്പിച്ച മുറിവുകളില്‍ നിന്ന് താങ്കളുടെ ഭരണം മുറിവുണക്കിയെന്നും അടിമത്തം മാറി ഇന്ത്യയിലൊട്ടാകെ സന്തോഷം കൊണ്ടുവന്നുവെന്നും കത്തില്‍ പറയുന്നു.
Content Highlight: India Gate should be named Bharat Mata Dwar; BJP leader sent a letter to the Prime Minister