ഗില്ലിനെ വെട്ടും, ബുംറ ഇനി പുതിയ റോളില്‍; റിപ്പോര്‍ട്ട്‌
Sports News
ഗില്ലിനെ വെട്ടും, ബുംറ ഇനി പുതിയ റോളില്‍; റിപ്പോര്‍ട്ട്‌
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th January 2025, 6:37 pm

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് പാകിസ്ഥാനിലും ദുബായിലുമായി നിന്നും നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി വമ്പന്‍ തീരുമാനങ്ങള്‍ എടുക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്.

ഇതില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്ന് ശുഭ്മാന്‍ ഗില്ലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെടുമെന്നതാണ്. ഗില്ലിന് പകരം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ചാമ്പ്യന്‍സ് ട്രോഫിയുടെ പുതിയ പതിപ്പില്‍ വൈസ് ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുത്തേക്കും.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലുടനീളം മിന്നും പ്രകടനമാണ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും താരത്തിന് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇലവനില്‍ അകത്തും പുറത്തുമായിരുന്ന ഗില്ലിനേക്കള്‍ അര്‍ഹനാണ് ബുംറ.

അഞ്ചാം ടെസ്റ്റിന്റെ അവസാന പകുതിയില്‍ ബുംറയ്ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് ബി.സി.സി.ഐ മെഡിക്കല്‍ ടീമില്‍നിന്ന് അപ്‌ഡേറ്റും ഉണ്ടായിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ഫിറ്റ്‌നസ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വൈസ് ക്യാപ്റ്റനാകാനുള്ള മുന്‍നിരക്കാരന്‍ ബുംറയാണ്.

മാര്‍ക്വീ ടൂര്‍ണമെന്റില്‍ പേസര്‍ രോഹിത് ശര്‍മ്മയുടെ ഡെപ്യൂട്ടി ആകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2024 ലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് നേരത്തെ രോഹിതിന്റെ ഡെപ്യൂട്ടി ആയി ഗില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

Content Highlight: Jasprit Bumrah Have A Chance To Become Vice captain In Champions Trophy Of 2025