അന്ന് ഞാന്‍ നല്ല സുഖിച്ച് പാട്ടൊക്കെ പാടി ഡാന്‍സ് ഒക്കെ കളിച്ച് പോവുകയായിരുന്നു, എനിക്ക് മത്സരിക്കാന്‍ ആരുമുണ്ടായിരുന്നില്ല; പക്ഷെ ഇന്ന് അങ്ങനെയല്ല: കുഞ്ചാക്കോ ബോബന്‍
സമീപ കാലത്തിറങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ചും മേക്ക് ഓവറിനെ കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. തൊണ്ണൂറുകളില്‍ ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ ആഘോഷിക്കപെട്ട അദ്ദേഹം അതെല്ലാം പൊളിച്ചടുക്കി മികച്ച അഭിനയമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്.
തിരിച്ച് വരവിന് ശേഷം അദ്ദേഹം ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ സിനിമയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ഇപ്പോള്‍. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രേക്ക് എടുക്കുന്നതിന് മുമ്പേ തനിക്ക് മത്സരിക്കാന്‍ അഭിനേതാക്കള്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ സിനിമയെ മാരത്തോണ്‍ ആയിട്ടാണ് താന്‍ കാണുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഞാന്‍ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുന്നതിന്റെ മുമ്പുള്ള കാലം നോക്കുകയാണെങ്കില്‍ എനിക്ക് മത്സരിക്കാന്‍ ആരും തന്നെയില്ലായിരുന്നു. അത്തരത്തിലുള്ള സിനിമകളോ നടന്‍മാരോ ഒന്നുമുണ്ടായിരുന്നില്ല. അതെന്റെ ഭാഗ്യമായി കരുതുന്നു. പക്ഷെ അതേ സമയം തന്നെ അതൊരു ഭാഗ്യക്കേടായി കൂടെ ഞാന്‍ കരുതുന്നുണ്ട്.
കാരണം ഒരു ആക്ടര്‍ എന്ന രീതിയില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ആ കംഫേര്‍ട്ട് സോണ്‍ എന്നെ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നില്ല. നമ്മള്‍ കംഫേര്‍ട്ട് സ്‌പേസില്‍ നിന്നും മാറിയാലേ മാറ്റങ്ങള്‍ സംഭവിക്കുകയുള്ളൂ. ഞാന്‍ നല്ല സുഖിച്ച് പാട്ടൊക്കെ പാടി ഡാന്‍സ് ഒക്കെ കളിച്ച് പോവുകയായിരുന്നു.
പിന്നീട് തിരിച്ച് സിനിമയിലേക്ക് വന്നപ്പോള്‍ മത്സരം കൂടി. പുതിയ ടെക്‌നോളജിയൊക്കെ വന്നു. അപ്പോള്‍ അതിനനുസരിച്ച് ഞാനും മാറേണ്ടി വന്നു. ഞാന്‍ എടുത്ത് ചാടി, നീന്തി പഠിച്ചു.
കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Kunchako Boban says that it was a easy journey before my break but now cinema industry is very much competetive