കുഞ്ഞുന്നാള്‍ മുതല്‍ അടുത്തറിയുന്ന ഒരാളാണ്, ഇന്നയാള്‍ ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍: കുഞ്ചാക്കോ ബോബന്‍
Entertainment
കുഞ്ഞുന്നാള്‍ മുതല്‍ അടുത്തറിയുന്ന ഒരാളാണ്, ഇന്നയാള്‍ ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍: കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th October 2024, 8:13 am

ഫാസില്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. നായകനായി അഭിനയിച്ച ആദ്യചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ അക്കാലത്ത് പലരുടെയും ക്രഷായി മാറി. ആദ്യകാലത്ത് റൊമാന്റിക് റോളുകള്‍ മാത്രം ചെയ്തിരുന്ന കുഞ്ചാക്കോ ബോബന്‍ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചു. ചലഞ്ചിങ്ങായിട്ടുള്ള വേഷങ്ങള്‍ അനായാസം ചെയ്ത് ഫലിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍ അമല്‍ നീരദുമായി ഒന്നിക്കുന്ന ബോഗെയ്ന്‍വില്ല റിലീസിന് തയാറെടുക്കുകയാണ്.

ജ്യോതിര്‍മയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോഗെയ്ന്‍വില്ലയില്‍ ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ആദ്യമായാണ് ഫഹദും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത്. അമല്‍ നീരദുമായും ഫഹദുമായും ആദ്യമായി വര്‍ക്ക് ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

ഫഹദ് ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ തനിക്ക് പരിചയമുള്ള ആളാണ് ഫഹദെന്നും അയാളുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

അമല്‍ നീരദ് എന്ന സംവിധായകനുമായിട്ട് ആദ്യമായാണ് വര്‍ക്ക് ചെയ്യുന്നതെന്നും ആ സിനിമയില്‍ ഫഹദ് കൂടി ചേരുമ്പോള്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഈ സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം നിര്‍മാണത്തില്‍ കൂടി പങ്കാളിയാണെന്നും അതിനാല്‍ ഫഹദുമായുള്ള കൂടിച്ചേരുന്നത് തങ്ങള്‍ തമ്മിലുള്ള ബോണ്ടിങ് കൂടുതല്‍ ദൃഢമാക്കിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

‘ഫഹദ് ഈ സിനിമയിലേക്കെത്തിയത് ഈ പടത്തിന് ഒരു വാല്യു അഡിഷന്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവുമില്ല. നമുക്കെല്ലാവര്‍ക്കും അറിയാം, ഫഹദ് ഇന്ത്യയിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുഞ്ഞുന്നാള്‍ മുതല്‍ അടുത്തറിഞ്ഞിട്ടുള്ള ഒരാളെന്ന നിലയില്‍ അവന്റെ വളര്‍ച്ചയില്‍ സന്തോഷവും അഭിമാനവുമാണ് തോന്നുന്നത്.

അമല്‍ നീരദുമായി ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ ഫഹദും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത് വളരെയധികം സന്തോഷം നല്‍കുന്നുണ്ട്. അതിനോടൊപ്പം ഞാന്‍ ഈ സിനിമയുടെ പ്രൊഡക്ഷനില്‍ കൂടി പങ്കാളിയാകുമ്പോള്‍ ഫഹദുമായിട്ടുള്ള ബോണ്ട് ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും കൂടുതല്‍ ദൃഢമാകുന്നുണ്ട്. എനിക്ക് അത് സന്തോഷം നല്‍കുന്ന കാര്യമാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Kunchako Boban abut his bond with Fahadh Faasil