ജിരിബാമില്‍ കൊല്ലപ്പെട്ട ആറ് പേരുടെയും മരണത്തിന് കാരണക്കാരായ കുക്കികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മണിപ്പൂര്‍ മുഖ്യമന്ത്രി
national news
ജിരിബാമില്‍ കൊല്ലപ്പെട്ട ആറ് പേരുടെയും മരണത്തിന് കാരണക്കാരായ കുക്കികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: മണിപ്പൂര്‍ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th November 2024, 4:00 pm

ഇംഫാല്‍: മണിപ്പൂരിലെ ജിരിബാമില്‍ കൊല്ലപ്പെട്ട ആറ് പേരെയും കൊലപ്പെടുത്തിയ കുക്കികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും ബിരേന്‍ സിങ് പറയുകയുണ്ടായി.

സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും മുഖ്യമന്ത്രി ബിരേന്‍ സിങ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപാതകത്തിനിരയാക്കിയ കുക്കികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും സംഭവത്തില്‍ അതിയായ സങ്കടവും രോഷവും തനിക്കുണ്ടെന്നുമാണ് ബിരേന്‍ സിങ് പറഞ്ഞത്. ഒരു പരിഷ്‌കൃത സമൂഹത്തിലും ഇത്തരം പ്രാകൃതമായ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കുറ്റകൃത്യം ചെയ്തവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബിരേന്‍ സിങ് പറയുകയുണ്ടായി.

അതേസമയം ജിരിബാമിലെ സി.ആര്‍.പി. എഫിന്റെ ദ്രുതഗതിയിലുള്ള നടപടിയെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെയും ബിരേന്‍ സിങ് അഭിനന്ദിക്കുകയുണ്ടായി.

‘സംസ്ഥാനത്തെ ജനങ്ങള്‍ ഏത് സമുദായത്തില്‍പ്പെട്ടവരായാലും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തുടര്‍ന്നും സ്വീകരിക്കും. ഇത്തരം പ്രാകൃത അക്രമങ്ങളെ ശക്തമായി അപലപിക്കാം. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്നത് ന്യായീകരിക്കാന്‍ കഴിയില്ല. ഇത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഈ സാഹചര്യത്തെ സംസ്ഥാനം മറികടക്കുകയും സമാധാനപരമായ ഭാവിക്കായി പ്രവര്‍ത്തികക്കുകയും ചെയ്യും,’ ബിരേന്‍ സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം, മണിപ്പൂര്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ ഭരണകക്ഷിയായ എന്‍.ഡി.എ ഗവണ്‍മെന്റ് പരാജയപ്പെട്ടെന്ന് കാണിച്ച് സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. പിന്നാലെ ജിരിബാമിലെ ബി.ജെ.പിയുടെ എട്ട് പ്രധാന ജില്ലാ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാറിന് കനത്ത തിരിച്ചടിയായി. ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രാജിക്കത്തില്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി മണിപ്പൂരിലെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും വീടുകള്‍ക്ക് നേരെയും മറ്റും ആക്രമണങ്ങളുണ്ടാവുകയും കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാലില്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.

300ഓളം പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്ത മെയ്തി-കുക്കി സംഘര്‍ഷത്തില്‍ മണിപ്പൂര്‍ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ സംഘര്‍ഷത്തിലാണ്. സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ടായിട്ടും ഇടയ്ക്കിടെ അക്രമ സംഭവങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ മെയ്തി ആധിപത്യമുള്ള ഇംഫാല്‍ താഴ്വര കുക്കി ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിന്ന് വിഭജിക്കപ്പെട്ടിരുന്നു.

Content Highlight: Kukis responsible for the deaths of six people killed in Jiribam will be brought to justice: Manipur Chief Minister