തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍ നിയമനത്തിലടക്കം ചാന്‍സിലര്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള യു.ജി.സിയുടെ പുതിയ മാര്‍ഗരേഖയ്‌ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. വിഷയവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സാധ്യമായ വഴികളിലൂടെ പ്രതിഷേധം സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് മാര്‍ഗരേഖയെ ചോദ്യം ചെയ്തുകൊണ്ട് നിയമപ്രകാരം മുന്നോട്ട് പോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് നിയമപ്രകാരം മുന്നോട്ട് പോകാനുള്ള വകുപ്പുതല ചര്‍ച്ചകള്‍ നടക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമോപദേശം ലഭിച്ച ശേഷമാകും കോടതി നടപടികളിലേക്ക് കടക്കുക.
സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനഫണ്ടുകളടക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന കേന്ദ്രനയം കണ്‍കറന്റ് ലിസ്റ്റിനോടുള്ള വെല്ലുവിളിയാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
സര്‍വകലാശാലകളുടെ നിയന്ത്രണം മുഴുവനായും ചാന്‍സിലറുടെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രത്തിന്റെ നടപടിയാണിതെന്ന വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അക്കാദമിക പരിചയമില്ലാത്തവര്‍ സ്ഥാനത്ത് വരുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തെ അത് ബാധിക്കുമെന്നും അക്കാദമിക നിലവാരത്തെ തകര്‍ക്കുന്ന നിര്‍ദേശമാണ് യു.ജി.സി പുറത്തിറക്കിയതെന്നും വിമര്‍ശിച്ച് അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
അതേസമയം വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ചാന്‍സിലര്‍ക്ക് പരമാധികാരം നല്‍കുന്ന മാര്‍ഗരേഖയ്‌ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നലെ (വ്യാഴാഴ്ച) പ്രമേയം പാസാക്കിയിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങളെ ബി.ജെ.പി സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയത്തില്‍ പറഞ്ഞിരുന്നു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ നീക്കമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. വി.സിമാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ യു.ജി.സി അംഗങ്ങളെ നിയമിക്കണമെന്ന ഗവര്‍ണര്‍ ആര്‍.എല്‍. രവിയുടെ നിര്‍ബന്ധത്തെയും സ്റ്റാലിന്‍ വിമര്‍ശിച്ചിരുന്നു.
വൈസ് ചാന്‍സിലര്‍ നിയമനമടക്കം പരാമര്‍ശിച്ചാണ് ഇത്തവണ യു.ജി.സി മാര്‍ഗരേഖ പുറത്തിറക്കിയത്. അക്കാദമിക പരിചയമില്ലാത്തവര്‍ക്ക് വൈസ് ചാന്‍സിലറാകാമെന്നും സെര്‍ച്ച് കമ്മറ്റി രൂപീകരിച്ച് നിയമിച്ചിരുന്ന വൈസ് ചാന്‍സിലര്‍മാരെ ഇനി ചാന്‍സിലര്‍ക്ക് നേരിട്ട് നിയമിക്കാമെന്നുമുള്‍പ്പെടെയുള്ള പരിഷ്‌ക്കരണങ്ങളാണ് യു.ജി.സി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്.
അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് നെറ്റ് ആവശ്യമില്ലെന്നും ബിരുദത്തിന് 75 ശതമാനം മാര്‍ക്കോ ബിരുദാനനന്തര ബിരുദത്തിന് 65 ശതമാനം മാര്‍ക്കോ മതിയെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.
Content Highlight: Kerala prepares to take legal action against UGC draft guidelines; The resolution will be passed in the assembly