കോഴിക്കോട്: നേതാക്കളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തതിലും ഓഫീസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നതിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഏത് അന്വേഷണ ഏജന്‍സികള്‍ പരിശോധനക്ക് വന്നാലും ഭയപ്പെടേണ്ട കാര്യമില്ലെന്നും അതിന്റെ പേരില്‍ സമരാഹ്വാനങ്ങളും ആവശ്യമില്ലെന്നും ജലീല്‍ പറഞ്ഞു.
‘ഒരു വ്യക്തിപര അനുഭവം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയയിരുന്നു കെ.ടി. ജലീലിന്റെ പ്രതികരണം.
നമ്മളുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും സുതാര്യവും സത്യസന്ധവുമാണെങ്കില്‍ ലോകത്തിലെ ഏത് സാമ്പത്തിക അന്വേഷണ വിഭാഗം വിചാരിച്ചാലും ഒരാളെയും ഒന്നും ചെയ്യാന്‍ കഴിയില്ല. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ സാക്ഷാല്‍ ‘മൊസാദാ’യാലും ഒരു ചുക്കും ചെയ്യില്ല. വാര്‍ത്താ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ആര്‍ത്തട്ടഹസിച്ച് കൊമ്പുകുലുക്കി വന്നിട്ടും നിര്‍ഭയം എല്ലാറ്റിനെയും നെഞ്ചുവിരിച്ച് നേരിട്ടത് മടിയില്‍ കനമില്ലാത്തത് കൊണ്ട് തന്നെയാണ്.
നികുതിയടക്കാത്ത പണം കൈവശം വെച്ചതിന്റെ പേരില്‍ തനിക്ക് ഒരു രൂപയും എവിടെയും പിഴയൊടുക്കേണ്ടി വന്നിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
എന്റെയോ കുടുംബത്തിന്റെയോ പേരിലുള്ള നിക്ഷേപത്തിന്റെ ഉറവിടം കാണിച്ച് കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് എന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഒരു ഏജന്‍സിയും മരവിപ്പിച്ചിട്ടില്ല.
അവിഹിത സമ്പാദ്യം സ്വന്തമാക്കിയതിന്റെ പേരില്‍ എന്റെ ഒരു രൂപയുടെ സ്വത്തുവഹകളും ആരും കണ്ടു കെട്ടിയിട്ടില്ല. എന്റെ കട്ടിലിനടിയില്‍ നിന്ന് 60 ലക്ഷം പോയിട്ട് ഒരു നയാ പൈസ പോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഭൂതക്കണ്ണാടി വെച്ച് പരിശോധിച്ചിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
എന്നിട്ടും എന്നെയും കുടുംബത്തെയും അപമാനിക്കാന്‍ പത്രമാധ്യമങ്ങളും ചാനല്‍ അവതാരകരും ‘നിശ്പക്ഷ’ നിരീക്ഷകരും യു.ഡി.എഫും ബി.ജെ.പിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും എന്തൊക്കെ നുണപ്രചാരണങ്ങളാണ് അഴിച്ചു വിട്ടത്?