കെ.എസ്.ആര്‍.ടി.സി എന്ന പേര് മാറ്റില്ലെന്ന് കര്‍ണാടക; അന്തിമവിധി വന്നിട്ടില്ലെന്ന് വാദം
national news
കെ.എസ്.ആര്‍.ടി.സി എന്ന പേര് മാറ്റില്ലെന്ന് കര്‍ണാടക; അന്തിമവിധി വന്നിട്ടില്ലെന്ന് വാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th June 2021, 7:01 pm

ബെംഗളൂരു: കെ.എസ്.ആര്‍.ടി.സി എന്ന പേര് തങ്ങളുടെ ബസ് ട്രാന്‍സ്‌പോര്‍ട്ടിന് തുടര്‍ന്നും ഉപയോഗിക്കുമെന്ന് കര്‍ണാടക. ട്രേഡ് മാര്‍ക്ക് രജിസ്ട്രിയുടേതായി ഒരു ഉത്തരവും വന്നിട്ടില്ലെന്നും കര്‍ണാടക അറിയിച്ചു.

പേരിനെച്ചൊല്ലിയുള്ള ഹരജികളില്‍ അന്തിമവിധി വന്നിട്ടില്ലെന്ന് കര്‍ണാടക ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ശിവയോഗി സി. കലാദാസ് ഐ.എ.എസ് പറഞ്ഞു. പേര് ഉപയോഗിക്കാന്‍ വിധി വന്നുവെന്ന് പറഞ്ഞ് കേരളം ഇതുവരെ ഔദ്യോഗികമായി തങ്ങളെ ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ കെ.എസ്.ആര്‍.ടി.സി. (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍) എന്ന ചുരുക്കെഴുത്തും, ലോഗോയും ആനവണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചതോടെയാണു തര്‍ക്കം തുടങ്ങിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇന്റര്‍നെറ്റില്‍ കയറി കെ.എസ്.ആര്‍.ടി.സിയെന്ന് സെര്‍ച്ച് ചെയ്താല്‍ പലപ്പോഴും വരുന്നത് കര്‍ണാടക ബസിന്റെ വിവരങ്ങളായിരുന്നു.

2014 ല്‍ കെ.എസ്.ആര്‍.ടി.സി. തങ്ങള്‍ക്ക് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനെ കര്‍ണാടക സമീപിച്ചു. മറുവാദങ്ങളുമായി കേരളവും രംഗത്തെത്തിയതോടെ നിയമ പോരാട്ടമായി.

1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ല്‍ കെ.എസ്.ആര്‍.ടി.സിയായി. കര്‍ണാടകയാകട്ടെ 1973 ലാണ് കെ.എസ്.ആര്‍.ടി.സിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: KSRTC Karnataka Kerala Dispute