തിരുവനന്തപുരം: ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെടുന്ന ഭിന്നശേഷിക്കാര്‍ക്കും അര്‍ബുദ രോഗികള്‍ക്കുമുള്ള ആനുകൂല്യങ്ങളില്‍ മാറ്റവുമായി കെ.എസ്.ഇ.ബി. ഇനിമുതല്‍ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ രണ്ട് മാസത്തെ ബില്ലില്‍ ആദ്യ 200 യൂണിറ്റുവരെ, യൂണിറ്റിന് 1.50 രൂപ നിരക്കിലെ കെ.എസ്.ഇ.ബി ഈടാക്കുകയുള്ളു.
നേരത്തേ ഈ ആനുകൂല്യം രണ്ട് മാസത്തില്‍ 200 യൂണിറ്റ് താഴെ ഉപഭോഗമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന അര്‍ബുദരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ 2024 ഡിസംബറിലെ ഉത്തരവ് അനുസരിച്ച് 200 യൂണിറ്റില്‍ കൂടുതല്‍ ഉപഭോഗമുണ്ടായാലും ആനുകൂല്യം നല്‍കേണ്ടതുണ്ട്. അതേസമയം റെഗുലേറ്ററി കമ്മീഷന്‍ ഭേദഗതി കൊണ്ടുവന്നെങ്കിലും കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളിലടക്കം പുതിയ മാറ്റങ്ങളില്‍ അവ്യക്തത ഉണ്ടായിരുന്നു.
ഭേദഗതി പ്രകാരം, ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന അര്‍ബുദരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും രണ്ടുമാസത്തെ ബില്ലില്‍ ഏകദേശം 500 രൂപയുടെ കുറവുണ്ടാകും. ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ സെക്ഷന്‍ ഓഫീസുകളില്‍ രേഖകള്‍ സഹിതം അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം ബി.പി.എല്‍ ആണെന്ന് തെളിയിക്കുന്ന, തദ്ദേശസ്ഥാപനത്തില്‍നിന്നുള്ള ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 5000ത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയും സമര്‍പ്പിക്കണം.
കൂടാതെ ഭിന്നശേഷി ആനുകൂല്യത്തിന് 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അര്‍ബുദ രോഗികള്‍ക്ക് ചികിത്സ നടത്തുന്ന സ്ഥാപനത്തില്‍നിന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും നല്‍കണം.
ഇതിനിടെ ബി.പി.എല്‍ ഭിന്നശേഷിക്കാര്‍ക്കും അര്‍ബുദരോഗികള്‍ക്കും ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും ഇത് കെ.എസ്.ഇ.ബി നടപ്പിലാക്കുന്നില്ലെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
Content Highlight: KSEB makes favorable changes in benefits for differently-abled and cancer patients in the BPL category