സൗത്ത് ആഫ്രിക്കൻ ബാറ്റിങ്‌നിര തകര്‍ക്കണമെങ്കില്‍ അവനെ ഇറക്കണം; ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം
Cricket
സൗത്ത് ആഫ്രിക്കൻ ബാറ്റിങ്‌നിര തകര്‍ക്കണമെങ്കില്‍ അവനെ ഇറക്കണം; ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 3:25 pm

ഇന്ത്യ-സൗത്ത് ആഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ സൗത്ത് ആഫ്രിക്കയെ നേരിടും. ആവേശകരമായ മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്.

ഇന്ത്യന്‍ പേസര്‍ ഷാര്‍ദുല്‍ താക്കൂറിന് പകരമായി സ്പിന്നര്‍ ആര്‍.അശ്വിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശ്രീകാന്ത് പറഞ്ഞത്.

‘രണ്ടാം ടെസ്റ്റില്‍ താക്കൂറിനേക്കാള്‍ കൂടുതല്‍ അശ്വിനെയാണ് ഞാന്‍ ടീമില്‍ എടുക്കുക. അശ്വിന്‍ മികച്ച താരമാണ് അതുകൊണ്ടുതന്നെ താക്കൂറിന് മികച്ച ഒരു പകരക്കാരന്‍ ആയിരിക്കും അശ്വിന്‍. അഞ്ചു വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും മത്സരത്തില്‍ അശ്വിന്‍-ജഡേജ മികച്ച കോമ്പിനേഷന്‍ സൃഷ്ടിക്കാന്‍ സാധിക്കുകയും ഇരുവരും ചേര്‍ന്നാല്‍ മത്സരത്തില്‍ ഏകദേശം നാലോ അഞ്ചോ വിക്കറ്റുകള്‍ വീഴ്ത്താനും കഴിയും. അശ്വിൻ കൃത്യമായി ടീമിലെ തന്റെ റോള്‍ നിലനിര്‍ത്തും,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.


രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍മാരെ വീഴ്ത്തണമെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുന്‍ ഇന്ത്യന്‍ താരം പങ്കുവെച്ചു.

‘ഇന്ത്യന്‍ ടീമിനെ സൗത്ത് ആഫ്രിക്കയുടെ ബാറ്റര്‍മാരെ നേരിടണമെങ്കില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കണം. അതുകൊണ്ടുതന്നെ ഞാന്‍ ഷാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കും. പ്രസിദ് കൃഷ്ണയെ ഇപ്പോള്‍ ഒഴിവാക്കുന്നത് അന്യായമാണ് കാരണം അവന്‍ ഒരു ടെസ്റ്റ് മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. താരത്തിന്റെ അരങ്ങേറ്റ മത്സരങ്ങളില്‍ തന്നെ ഒഴിവാക്കുന്നത് ശരിയല്ല,’ ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ വിജയിച്ചുകൊണ്ട് തിരിച്ചുവരാന്‍ ആവും രോഹിത്തും സംഘവും ശ്രമിക്കുക. ജനുവരി മൂന്നിന് കേപ് ടൗണിലാണ് അവസാന മത്സരം നടക്കുക.

Content Highlight: Krishnamachari Srikkanth talks Ravichandran Ashwin to replace Shardul Thakur in Indian test team.