ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. താരങ്ങളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരയില്‍ ആരൊക്കെ ടീമിലുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ടീം ഇന്ത്യ.
ഒരുപാട് യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുന്നുണ്ട്. പ്രധാന താരങ്ങള്‍ക്കൊപ്പം ലോകകപ്പിന് യുവരക്തങ്ങളേയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ടീം ഇന്ത്യ ശ്രമിക്കുന്നത്. അഗ്രസീവ് അപ്രോച്ചാണ് ടീം ഇന്ത്യ നിലവില്‍ നടത്തി വരുന്നത്.
സഹീര്‍ ഖാന് ശേഷം ഇന്ത്യന്‍ ടീമില്‍ ഏറ്റവും ക്ഷാമമുള്ള വിഭാഗമാണ് ലെഫ്റ്റ് ഹാന്‍ഡ് പേസ് ബൗളര്‍മാര്‍. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ നിരയില്‍ ലെഫ്റ്റ് ഹാന്‍ഡഡ് പേസറായി ഞെട്ടിക്കുന്ന താരമാണ് അര്‍ദീപ് സിങ്. ഡെത്ത് ഓവറില്‍ എതിരാളികളെ ഭയപ്പെടുത്തുന്ന യോര്‍ക്കറുകളെറിയാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്.
നിലവില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ഐ.പി.എല്ലിലെ പ്രകടനമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കിയത്. ഡെത്ത് ഓവറിലെ സമ്മര്‍ദ്ദ ഘട്ടത്തിലെല്ലാം അദ്ദേഹം തന്റെ കൂള്‍ ആറ്റിറ്റിയൂഡ് കൈവിട്ടില്ലായിരുന്നു. ഇത് അദ്ദേഹത്തിന് ഒരുപാട് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അര്‍ഷ്ദീപ് ഭാവിയില്‍ നമ്പര്‍ വണ്‍ ബോളറാകുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ലോകകപ്പ് ജേതാവായ കൃഷ്ണമാചാരി ശ്രീകാന്ത്. അദ്ദേഹത്തിന് ലോകകപ്പ് ടീമില്‍ അവസരം ലഭിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. സെലക്ടര്‍മാരോട് അര്‍ഷ്ദീപിനെ തീര്‍ച്ചയായും ടീമിലെടുക്കാനും അദ്ദേഹം പറഞ്ഞു.
‘ടി-20യിലെ ഭാവി ലോക ഒന്നാം നമ്പര്‍ താരമായിരിക്കും അര്‍ഷ്ദീപ് സിങ്. അവന്റെ പേര് എഴുതിവെച്ചോളു. അദ്ദേഹം ടി20 ലോകകപ്പ് ടീമിലുണ്ടാകും. കമോണ്‍ ചേതന്‍ (ഇന്ത്യന്‍ ടീം സെലക്ടര്‍) അവന്റെ പേര് ലോകകപ്പിനുള്ളവരുടെ ലിസ്റ്റില്‍ എടുക്കൂ,’ ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യക്കായി നാല് ട്വന്റി-20 മത്സരത്തില്‍ കളിച്ച് ആറ് വിക്കറ്റ് അര്‍ഷ്ദീപ് നേടിയിട്ടുണ്ട്. എന്നാല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അദ്ദേഹം ഉണ്ടാകുമോ എന്നുള്ളത് സംശയകരമായ കാര്യമാണ്.
ഇന്ത്യന്‍ ടീമിലെ പ്രധാന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ദീപക് ചാഹര്‍, മുഹമ്മദ് ഷമി എന്നവരുമായാണ് അദ്ദേഹത്തിന് ടീമിലിടം നേടാന്‍ മത്സരിക്കേണ്ടത്. എന്നാല്‍ ലെഫ്റ്റ് ഹാന്‍ഡ് ബൗളറായ അദ്ദേഹത്തിന് ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.