Entertainment
കഴുതക്കുട്ടി, കുതിരക്കുട്ടി എന്നാണ് അദ്ദേഹം ദേഷ്യം വന്നാല്‍ വിളിക്കുക; അതില്‍ കൂടുതല്‍ തെറിയൊന്നും മൂപ്പര്‍ക്കറിയില്ല: കൃഷ്ണചന്ദ്രന്‍

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ഐ.വി. ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശി തന്റെ സംവിധാനജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി 110ഓളം സിനിമകള്‍ അണിയിച്ചൊരുക്കാന്‍ ഐ.വി. ശശിക്ക് സാധിച്ചു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ഡം നേടിയ ആദ്യ സംവിധായകനെന്ന് ഐ.വി. ശശിയെ പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

ഐ.വി. ശശിയെ കുറിച്ച് സംസാരിക്കുകയാണ് നടനും ഗായകനുമായ കൃഷ്ണചന്ദ്രന്‍. സംവിധായകന്‍ ഐ.വി. ശശി എന്ന് സംവിധായകന്റെ പേര് കണ്ടാല്‍ മാത്രം ആളുകള്‍ സിനിമക്ക് കയറുന്ന കാലം ഉണ്ടായിരുന്നുവെന്ന് കൃഷ്ണചന്ദ്രന്‍ പറയുന്നു.

കാന്തവലയം എന്ന സിനിമയിലാണ് ആദ്യമായി താന്‍ ഐ.വി. ശശിയോടൊപ്പം ചെയ്യുന്ന സിനിമയെന്നും അതില്‍ സീമയുടെ അനിയന്റെ വേഷമായിരുന്നു തനിക്കെന്നും കൃഷ്ണചന്ദ്രന്‍ പറഞ്ഞു. ദേഷ്യം വന്നാല്‍ ഐ.വി. ശശി കഴുതക്കുട്ടിയെന്നും കുതിരക്കുട്ടിയെന്നുമാണ് വിളിക്കുകയെന്നും അതില്‍ കൂടുതല്‍ തെറിയൊന്നും അദ്ദേഹത്തിനറിയില്ലെന്നും കൃഷ്ണചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കാലത്ത് സംവിധാനം ഐ.വി. ശശി എന്നുകേട്ടാല്‍ മാത്രം ആളുകള്‍ സിനിമക്ക് കയറിയിരുന്നൊരു കാലമുണ്ടായിരുന്നു. ഞാന്‍ അപ്പോള്‍ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. എല്ലാ സിനിമയും ഞാന്‍ പോയി കാണുമായിരുന്നു. അയല്‍ക്കാരി, ആ നിമിഷം, എന്ന് തുടങ്ങി അദ്ദേഹത്തിന്റെ കുറേ സിനിമകള്‍ ആയില്‍ തന്നെ പേരുകള്‍ തുടങ്ങുന്നവയുണ്ടായിരുന്നു.

അതിലിലെല്ലാം നല്ല പാട്ടുകളുമായിരുന്നു. അങ്ങനെ കാണുന്നതായിരുന്നു ഇതാ ഇവിടെ വരെ. ആ സിനിമ കണ്ടിട്ട് അന്തംവിട്ടുപോയി. കാരണം ആ കാലത്ത് അത് വളരെ പുതുമയുള്ള വിഷയമായിരുന്നു. കാന്തവലയം എന്ന സിനിമയിലാണ് എനിക്ക് ആദ്യമായി ഐ.വി. ശശിയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.

ജയന്‍, മോഹന്‍, സീമ ചേച്ചി എന്നിവരായിരുന്നു അതില്‍ അഭിനയിച്ചത്. സീമ ചേച്ചിയുടെ അനിയനായിട്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ശശിയേട്ടന്റെ കഴുതക്കുട്ടി വിളിയും കുതിരക്കുട്ടി വിളിയുമെല്ലാം രസമായിരുന്നു. ഏറ്റവും ദേഷ്യം വന്നാല്‍ അദ്ദേഹം വിളിക്കുന്നത് കഴുതക്കുട്ടിയെന്നാണ്. അതില്‍ കൂടുതല്‍ തെറിയൊന്നും മൂപ്പര്‍ക്കറിയില്ല,’ കൃഷ്ണചന്ദ്രന്‍ പറയുന്നു.

Content highlight: Krishnachandran talks about I V Sasi