തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. രണ്ട് വ്യാജന്മാരെ അപ്പുറത്ത് കയ്യോടെ പിടിച്ചത് തൂക്കമൊപ്പിക്കാനാണ് അന്‍സിലിനെതിരെ ദേശാഭിമാനിയില്‍ വ്യാജ വാര്‍ത്ത വന്നതെന്ന് സുധാകരന്‍ ആരോപിച്ചു.
ദേശാഭിമാനിയെന്ന മാലിന്യപ്പേപ്പറില്‍ അടിച്ചുവരുന്ന നെറികേടുകള്‍ ഏറ്റുപാടുന്നവരോട് സഹതപിക്കാനേ കോണ്‍ഗ്രസിന് കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.
‘തളര്‍ന്ന് കിടക്കുന്ന ഉപ്പയെ നോക്കുവാനാണ് അന്‍സില്‍ പഠിപ്പ് നിര്‍ത്തി പണിയെടുക്കാന്‍ ഇറങ്ങിയത്. സ്വന്തം സ്വപ്നങ്ങള്‍ മാറ്റിവെച്ച്, അവനാ കുടുംബത്തെ ഇന്നും സംരക്ഷിക്കുന്നുണ്ട്.
രണ്ട് വ്യാജന്മാരെ അപ്പുറത്ത് കയ്യോടെ പിടിച്ചത് തൂക്കമൊപ്പിക്കാനായിരിക്കും, ഇപ്പുറത്തൊരു നിരപരാധിയെ വിചാരണ ചെയ്യാന്‍ സി.പി.ഐ.എമ്മിന്റെ വാഴ്ത്തുപാട്ടുകാര്‍ തിടുക്കം കൂട്ടുന്നത്. ദേശാഭിമാനിയെന്ന മാലിന്യപ്പേപ്പറില്‍ അടിച്ചുവരുന്ന നെറികേടുകള്‍ ഏറ്റുപാടുന്നവരോട് സഹതപിക്കാനേ കോണ്‍ഗ്രസിന് കഴിയുകയുള്ളൂ.
അര്‍ഹതയില്ലാത്ത സ്വന്തം മക്കളെ, അധോലോക പ്രവര്‍ത്തനങ്ങളിലൂടെ, ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന പിണറായി വിജയനും, വ്യാജന്മാരെ പടച്ചുണ്ടാക്കി വിദ്യാഭ്യാസ മേഖലയെ അപ്പാടും തകര്‍ത്ത ‘വളര്‍ന്നുവരുന്ന തീവ്രവാദ പ്രസ്ഥാനത്തിനും,’ തൊഴിലിന്റെ മഹത്വം മനസിലാകണമെന്നില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റും വ്യാജ വാര്‍ത്തയും അടിച്ചിറക്കിയ ദേശാഭിമാനിക്കെതിരെ ആര്‍ജവത്തോടെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട് ആ ചെറുപ്പക്കാരന്‍. മാനാഭിമാനമില്ലാത്ത പിണറായി വിജയന്റെ ഹോണറബിള്‍ കുടുംബത്തിനും, സി.പി.ഐ.എം പാര്‍ട്ടിക്കും കണ്ട് പഠിക്കാവുന്നൊരു കാര്യമാണത്. സ്വര്‍ണവും ഡോളറും കടത്തിയൊന്നുമല്ലെടോ… അന്തസായി പണിയെടുത്തിട്ടാണ് അന്‍സില്‍ കുടുംബം പോറ്റുന്നത്.